കോഴിക്കോട് : പോപ്പുലർ ഫ്രണ്ടിൻറെ നിഗൂഢ പദ്ധതികളെ കുറിച്ച് സത്യ സന്ധമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ട് വരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വിവിധ വധശ്രമക്കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെടെയുള്ള ഇരുപത്തി ഒന്ന് പേരാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ നാറാത്ത് ബോംബുകളും വടിവാളുമായി പിടികൂടപെട്ടിരിക്കുന്നത്. വർഗീയ സംഘർഷങ്ങൾ നടത്തി തങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെ മറവിൽ രാഷ്ട്രീയ സംഘർഷമാക്കി ലഘൂകരിക്കാനാണ് ഇവർ പലപ്പോഴും ശ്രമിക്കാറുള്ളത്. സായുധ അക്രമത്തിന് പ്രവർത്തകരെ സജ്ജരാക്കി ജനാധിപത്യത്തിൻറെയും മനുഷ്യാവകാശത്തിൻറെയും മുഖംമൂടി അണിഞ്ഞാണ് ഇവർ പൊതുരംഗത്ത് പ്രവർത്തിക്കുന്നത്.
ഇവരുടെ തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് നേരത്തെ എസ്.കെ.എസ്.എസ്.എഫ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകൾ മുന്നറിയിപ്പ് നൽകിയതാണ്. ഈ സംഭവത്തിൽ പോലും ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൗനം പാലിക്കുന്നത് ദൗർഭാഗ്യകരവും കുറ്റകരവുമാണ്.
മുസ്ലിം സമുദായത്തിനു പലപ്പോഴും ഏറെ അപമാനമുണ്ടാക്കിയ പോപ്പുലർ ഫ്രണ്ട് മത രാഷ്ട്രീയ സാംസ്കാരിക രംഗത്ത് രൂപം കൊള്ളുന്ന പൊതു വേദികളുടെ മറവിൽ മുഖ്യധാരയിൽ ഇടം പിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ ബന്ധപ്പെട്ടവർ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായി, സത്താർ പന്തല്ലൂർ,സിദ്ധീഖ് ഫൈസി വെണ്മണല്, ഹബീബ് ഫൈസി കോട്ടോപ്പാടം, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍, അബ്ദുല്ല കുണ്ടറ, റഹീം ചുഴലി, നവാസ് പാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.