കൊണേ്‌ടാട്ടി: സൌദി അറേബ്യയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്നലെ 34 പേര്‍കൂടി തിരിച്ചെത്തിയതോടെ മടങ്ങിയെത്തിയവരുടെ എണ്ണം 91 ആയി.
കരിപ്പൂര്‍ വിമാനത്താവളത്തിലെയും കോഴിക്കോട്ടെയും നോര്‍ക്കയുടെ സഹായകേന്ദ്രത്തിലാണ് നാലുദിവസം കൊണ്‌ടു 91 പേര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഇന്നലെ മടങ്ങിയെത്തിയവരില്‍ ഏഴു പേര്‍ റിയാദില്‍ നിന്നുള്ളവരാണ്. ഡ്രൈവര്‍ വിസകളില്‍ സൌദിയിലേക്കു പോയവരാണ് മടങ്ങുന്നതില്‍ കൂടുതല്‍ പേരും.
മടങ്ങിയെത്തിയവരില്‍ അധികവും മലപ്പുറം, കോഴിക്കോട് ജില്ലക്കാരാണ്. കണ്ണൂര്‍, കാസര്‍കോഡ്, പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്‌ട്. സൌ ദിയില്‍ നിന്നും കൂടുതല്‍ പേര്‍ മടങ്ങാന്‍ ഒരുങ്ങുകയാണ്. റിയാദ് മേഖലയില്‍ രണ്‌ടുമാസത്തെ സമയം നല്‍കിയത് പ്രവാസികള്‍ക്കു ആശ്വാസമാകുന്നുണെ്‌ടന്നും എന്നാല്‍ നിയമം മുന്‍നിര്‍ത്തി പലരും മടങ്ങാനാണ് തയ്യാറാവുന്നതെന്നും തിരിച്ചെത്തിയവര്‍ പറയുന്നു. സ്‌പോണ്‍സര്‍മാരും പലയിടത്തും പ്രവാസികളെ കൈയൊഴിഞ്ഞിരിക്കുകയാണ്.
അതേസമയം കച്ചവട സ്ഥാപനങ്ങളിലടക്കം സൌദി പൌരന്‍മാരെ നിര്‍ത്തണമെന്ന ആവശ്യത്തില്‍ പലരും സ്‌പോണ്‍സര്‍മാരെ തന്നെ ജീവനക്കാരായി ഉള്‍പ്പെടുത്തി രക്ഷപ്പെടാനും ശ്രമിക്കുന്നുണ്‌ട്.