നാല്‍പതാണ്ടാഘോഷിക്കുന്ന കടമേരി റഹ്മാനിയ്യ:കോളജ്

ഏപ്രില്‍ 18,19,20,21 തീയതികളിലായി  "സമന്വയത്തിന്റെ നാല്‍പ്പതാണ്ട്‌"' എന്ന പ്രമേയത്തില്‍ നാൽപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കടമേരി റഹ്മാനിയ്യ യെ കുറിച്ച് കോളേജ്‌ പ്രിന്‍സിപ്പലും ഹജ്ജ്‌ കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്ല്യാര്‍ എഴുതുന്നു

മുസ്‌ലിം കേരളത്തിന് മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം പരിചയപ്പെടുത്തിയ തെന്നിന്ത്യയിലെ ഉന്നത കലാലയമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളജ്. കടമേരി ദേശത്തെ പ്രഫുല്ലമാക്കിയ നിരവധി പണ്ഡിത കുടുംബങ്ങളുണ്ട്.
അതില്‍ പ്രധാനപ്പെട്ട കുടുംബമാണ് ചീക്കിലോട്ട് തറവാട്. ഈ പണ്ഡിത തറവാട്ടിലെ കുഞ്ഞമ്മദ് മുസ്‌ല്യാരാണ് റഹ്മാനിയ്യ അറബിക് കോളജിന് അസ്തിവാരമിട്ടത്.
വളരെയേറെ അനിവാര്യമായ ഒരു ചരിത്രഘട്ടത്തിലാണ് റഹ്മാനിയ്യ എന്ന ആശയവുമായി കുഞ്ഞമ്മദ് മുസ്‌ല്യാര്‍ രംഗപ്രവേശം ചെയ്യുന്നത്. മഖ്ദൂമീ പാരമ്പര്യത്തിന്റെ ദീപ്തമായ വഴിയില്‍ പച്ചപിടിച്ച ദര്‍സീസമ്പ്രദായം കാലങ്ങള്‍ക്കു മുമ്പെ കടമേരിയില്‍ നിലനിന്നിരുന്നു. കാലക്രമേണ പള്ളിദര്‍സുകള്‍ക്ക് ശോഷണം സംഭവിച്ചപ്പോള്‍ അതിന്റെ പ്രേരകങ്ങള്‍ കടമേരിയിലും പ്രകടമായി.
ഈ തക്കം മുതലെടുത്ത് മതാശയങ്ങളില്‍ പരിഷ്‌കരണവാദവുമായി ഒരു കൂട്ടമാളുകള്‍ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാമെന്ന വ്യാമോഹത്തോടെ കടമേരിയിലും സമീപ ദേശങ്ങളിലും തലപൊക്കി തുടങ്ങി. ഇതിനെ പ്രതിരോധിക്കാനാണ് പ്രതി വിപ്ലവകാരിയുടെ മെയ്‌ വഴക്കത്തോടെ ചീക്കിലോട്ടോര്‍ കടന്നു വന്നത്. അദ്ദേഹത്തിന്റെ അക്ഷീണ യത്‌നത്തിന്റെ ഫലമായി 1972 ജനുവരി 30 ന്
കടമേരി ജുമുഅത്ത് പള്ളിയില്‍ വെച്ച് പണ്ഡിതകുലപതി കോട്ടുമല ഉസ്താദിന്റെ അധ്യക്ഷതയില്‍, വടകര താലൂക്കിലെ പണ്ഡിത-സയ്യിദ്-സാദാത്തുക്കളുടെ കണ്‍വെന്‍ഷനില്‍ എടുത്ത തീരുമാനത്തോടെയാണ് റഹ്മാനിയ്യ അറബിക് കോളജിന് തുടക്കം കുറിക്കുന്നത്.
 1972 ജനുവരി അഞ്ചിന്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ വിദ്യാഭ്യാസകേന്ദ്രത്തിന് തറക്കല്ലിട്ടു. തുടര്‍ന്ന് 1972 നവമ്പര്‍ 22 ന് കടമേരി ജുമാ മസ്ജിദിന്റെ ചെരുവില്‍ 40 ഓളം വിദ്യാര്‍ഥികള്‍ക്ക് ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്ത് കണ്ണിയത്ത് ഉസ്താദ് ക്ലാസിന് ആരംഭം കുറിച്ചു. മട്ടന്നൂര്‍ പി.എ അബ്ദുല്ല മുസ്‌ല്യാരായിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍.


നിരവധി പ്രതിസന്ധികള്‍ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ക്ക് റഹ്മാനിയ്യ എന്ന സ്വപ്‌നവുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും ആത്മാര്‍ത്ഥതയുടെയും സൂക്ഷ്മതയുടെയും കരുത്തില്‍ അതെല്ലാം നിഷ്പ്രയാസം മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മതവിദ്യാഭ്യാസ മേഖലയില്‍ അക്കാലം വരെ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന ആശയങ്ങളും പരിഷ്‌കാരങ്ങളുമാണ് റഹ്മാനിയ്യ ഏറ്റെടുത്ത് നടപ്പിലാക്കിയത്.


ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരുടെ കൂടെ പ്രവര്‍ത്തനഗോഥയില്‍ പിന്നീട് പ്രിന്‍സിപ്പലായിരുന്ന പണ്ഡിതപ്രതിഭ എം.എം ബഷീര്‍ മുസ്‌ലിയാര്‍ കൂടി ഒത്തുചേര്‍ന്നപ്പോള്‍ റഹ്മാനിയ്യ ഒരു പുതുചരിതത്തിനും വൈജ്ഞാനിക വിപ്ലവത്തിനും നേതൃത്വം നല്‍കുകയായിരുന്നു.


സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളില്‍ സമൂഹത്തെ അടിയുറപ്പിച്ചു നിറുത്താനും ദീനിന് നേരെ വരുന്ന വെല്ലുവിളികളെ നെഞ്ചൂക്കോടെ നേരിടാനും പ്രാപ്തരായ പണ്ഡിതതലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യമായിരുന്നു റഹ്മാനിയ്യ ഉയര്‍ത്തി പിടിച്ചത്. പള്ളി ദര്‍സുകളുടെ പാരമ്പര്യവും പുതുമയുടെ പരിമളവുമുള്ള ഒരു വിദ്യാഭ്യാസക്രമമാണ് റഹ്മാനിയ്യ ലോകത്തിന് പരിചയപ്പെടുത്തിയത്.


റഹ്മാനിയ്യ എന്ന സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിന് പിന്നില്‍ ആത്മീയ ലോകത്തെ അഗ്രേസരന്മാരായ നിരവധി മഹത്തുക്കളുടെ ആശീര്‍വാദം ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ക്ക് പിന്തുണയായി വര്‍ത്തിച്ചിട്ടുണ്ട്. ബഷീര്‍ മുസ്‌ലിയാര്‍ക്ക് ശേഷം 1979 ലാണ് ഈ ലേഖകന്‍ റഹ്മാനിയ്യയിലെത്തുന്നത്.


ഇന്ന് മുസ്‌ലിം കേരളത്തിലെ വൈജ്ഞാനിക ഭൂമികയില്‍ ജൈത്രയാത്ര തുടരുന്ന റഹ്മാനിയ്യ സമൂഹത്തിന്റെ ആശാകേന്ദ്രമാണ്. ഇസ്‌ലാമിക പ്രമാണങ്ങളുടെ പാരമ്പര്യമുഖത്തിന്റെ തെളിമയും പരിശുദ്ധിയും കാത്തുവെക്കുന്നതില്‍ റഹ്മാനിയ്യ സ്ഥാപിതകാലം മുതല്‍ കൃത്യമായ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം സമാജത്തിന്റെ മതപരമായ അച്ചടക്കം നിലനിറുത്തുന്നതില്‍ റഹ്മാനിയ്യ നിസ്തുലമായ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്.


സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയ റഹ്മാനിമാര്‍ ഇന്ത്യക്കകത്തും പുറത്തും ദഅ്‌വത്തിന്റെ മേഖലയില്‍ പ്രശോഭിച്ചു നില്‍ക്കുന്നു. ഏത് മേഖലയും കൈകാര്യം ചെയ്യാന്‍ പ്രാപ്തരും പാകതയും പക്വതയുമുള്ള പണ്ഡിതരെയാണ് റഹ്മാനിയ്യ സമുദായത്തിന് സമര്‍പ്പിക്കുന്നത്.


ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പ്ലസ്ടു കോച്ചിംഗ് സെന്റര്‍, പബ്ലിക് സ്‌കൂള്‍, വനിതാ കോളജ്, ബോര്‍ഡിംഗ് മദ്രസ, അഗതി വിദ്യാകേന്ദ്രം, ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പഠനകേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് റഹ്മാനിയ്യ കാമ്പസ് ഇന്ന്.
അറബിക് കോളജില്‍ മദ്രസ ഏഴാം ക്ലാസ് കഴിഞ്ഞ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയവര്‍ക്ക് എട്ട് വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കാത്തവര്‍ക്ക് പത്ത്‌വര്‍ഷം കൊണ്ടും റഹ്മാനി ബിരുദത്തോടൊപ്പം ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കൂടി നല്‍കുന്ന രീതിയിലാണ് കരിക്കുലം ക്രമീകരിച്ചിട്ടുള്ളത്.


സമന്വയത്തിന്റെ നാല്പതാണ്ട് എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ച് ഈ 18 മുതല്‍ 21 തിയ്യതികളിലായി റഹ്മാനിയ്യ റൂബി ജൂബിലി എന്ന പേരില്‍ അതിന്റെ നാല്പതാണ്ട് ആഘോഷിക്കുകയാണ്. കേരളത്തിന്റെ മതവിജ്ഞാന ഭൂമികയില്‍ ഏറ്റവും അനിവാര്യമായ ഒരു പ്രമേയമാണിത്. സമ്മേളനത്തിന്റെ ഭാഗമായി 138 റഹ്മാനിമാര്‍ക്കാണ് ബിരുദം നല്‍കപ്പെടുന്നത്.


സമൂഹത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ് പ്രതികരിക്കുന്നതില്‍ റഹ്മാനിയ്യ എന്നും ഒരുപടി മുന്നിലായിരുന്നു. 40ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ. ഉത്തര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റഹ്മാനിയ്യയില്‍ പഠിക്കുന്നവരും പുറത്തിറങ്ങിയവരുമായ നിര്‍ധനരായ 40 ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.


സമ്മേളനത്തില്‍ അതിന്റെ പ്രഖ്യാപനം കോളജ് പ്രസിഡണ്ട് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുകയാണ്.

മുസ്‌ലിം കേരളത്തിന്റെ മത-ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ഏറെ ശ്രദ്ധേയവും സ്വാധീനാത്മകവുമായ സക്രിയ ഇടപെടലുകള്‍ നടത്തിയ റഹ്മാനിയ്യയുടെ റൂബി ജൂബിലിയിലേക്ക് മുഴുവന്‍ ആളുകളുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുകയാണ്. നാളിതുവരെയുള്ള അനുഭവവും വര്‍ത്തമാനവും കോര്‍ത്തിണക്കിയുള്ള സമ്മേളനമാണ് നടക്കുന്നത്. കാലികമായ ചര്‍ച്ചകളും സെമിനാറുകളും സംവാദങ്ങളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സുന്ദരമായ അനുഭവ ലോകം തീര്‍ക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക് ഏവരെയും ഹൃദ്യമായി ക്ഷണിക്കുകയാണ്.