മഹല്ല് ശാക്തീകരണ പ്രതിജ്ഞയുമായി എസ്.എം.എഫ് സമ്മേളനത്തിന് പരിസമാപ്തി

തിരൂരങ്ങാടി: സാമൂഹിക സമുദ്ധാരണത്തിനും സാംസ്‌കാരിക മുന്നേറ്റത്തിനും മഹല്ലുകള്‍ വഴി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന പ്രതിജ്ഞയുമായി രണ്ട് ദിവസമായി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന എസ്.എം.എഫ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. പഠനാര്‍ഹവും ചിന്തോദ്ദീപകവുമായ വിവിധയിനം സെഷനുകളാണ് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ നേതൃസമ്മേളനത്തോടനുബന്ധിച്ച് നടന്നത്. സമുദായം നേരിടുന്ന മുഴുവന്‍ അധാര്‍മിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ മഹല്ലുകള്‍ വഴി സാധ്യമാക്കാനും അതിന് മഹല്ല് നേതൃത്വം തയ്യാറാണെന്നും വിളിച്ചോതുന്നതായിരുന്നു സമ്മേളന നഗരിയില്‍ സമ്മേളിച്ച ജനബാഹുല്യം. 
സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹല്ലുകള്‍ കേന്ദ്രീകരിച്ചുള്ള ക്രിയാത്മ മുന്നേറ്റങ്ങളിലൂടെയാണ് കേരളത്തില്‍ ഇസ്‌ലാമിക നവോത്ഥാനം സാധ്യമായതെന്നും പണ്ഡിതരും കാരണവരും ഒന്നിച്ച് പ്രവര്‍ത്തിച്ചതാണ് ഇത്തരം മുന്നേറ്റത്തിന്റെ നിദാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലോചിതമായ മാറ്റങ്ങള്‍ക്ക് നമ്മുടെ മഹല്ല് ഭാരവാഹികള്‍ തയ്യാറാവണമെന്നും മരാമത്ത് പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുന്ന പതിവ് രീതികള്‍ മാറ്റെണമെന്നും തങ്ങള്‍ സൂചിപ്പിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷം വഹിച്ചു. മഹല്ലുകളില്‍ വര്‍ദ്ധിച്ച് വരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യേണ്ടത് പണ്ഡിതരുടെയും നേതാക്കളും ബാധ്യതയാണെന്നും അത് നിര്‍വ്വഹിക്കാത്ത പക്ഷം മഹല്ല് നേതൃത്വം തങ്ങളുടെ ദൗത്യ നിര്‍വ്വഹണത്തില്‍ പരാജിതരാണെന്നും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലി കുട്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യാതിഥികളായിരുന്നു. മഹല്ലുകള്‍ സര്‍ക്കാറുമായി ഏകോപിച്ചാല്‍ അനേകം മഹല്ല് പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമാകുമെന്നും അതിന് മഹല്ല് കമ്മറ്റികള്‍ തയ്യാറാകണമെന്നും മന്ത്രി കുഞ്ഞാലി കുട്ടി അറിയിച്ചു. സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അധിക മഹല്ലുകളും മദ്രസുകളും വിമുഖത കാണിക്കുന്നുണ്ടെന്നും എന്നാല്‍ ഇതെല്ലാം ഉപയോഗപ്പെടുത്തിിയാലേ നമുക്ക് മൂന്നേറ്റമുണ്ടാകൂ എന്നും മന്ത്രി അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു.
സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ ജില്ലയില്‍ നടപ്പിലാകുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നടത്തി. കേരള മുസ്‌ലിംകള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ട പരിഹാരം കാണണെമെന്ന സുന്നി മഹല്ല് ഫെഡറേഷന്റെ നിവേദനം എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലി കുട്ടി, പി.കെ അബ്ദുറബ്ബ് എന്നിവര്‍ക്ക് കൈമാറി
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ വി.സി യുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹാജി കെ.മമ്മദ് ഫൈസി, മരക്കാര്‍ മുസ്‌ലിയാര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഇപ്പ മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ മൗലവി. കുട്ടി അഹമ്മദ് കുട്ടി , കെ.എം സൈദലവി ഹാജി, കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
വര്‍ക്കിംഗ് സെക്രട്ടറി യു,ശാഫി ഹാജി സ്വാഗതവും ഇസ്ഹാഖ് ബാഖവി ചെമ്മാട് നന്ദിയും പറഞ്ഞു. രാവിലെ നടന്ന ആത്മസംസ്‌കരണ സെഷനില്‍ സാലിം ഫൈസി കുളത്തൂര്‍ ക്ലാസെടുത്തു. എട്ടിന് നടന്ന അനുസ്മരണ സെഷന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്തു. സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
പത്തിന് മൂലൃങ്ങള്‍ വീണ്ടെടുക്കാന്‍ കൈകോര്‍ക്കാന്‍ സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ: കെ.എ ജലീല്‍, സലീം കരുവമ്പലം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സി മമ്മുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടിന് നടന്ന മഹല്ല് പദ്ധതി ഗ്രൂപ്പ് ചര്‍ച്ചയില്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, ഉബൈദുല്ല എം.എല്‍,എ, ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.