കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ നല്‍കിയവരുടെ കവര്‍ നമ്പര്‍ ഓണ്‍ലൈനില്‍ അറിയാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ച് പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയാല്‍ കവര്‍ നമ്പര്‍ ലഭിക്കും
റിസര്‍വ് കാറ്റഗറിയിലുള്ളവര്‍ക്ക് കെ.എല്‍.ആര്‍. സീരീസിലും അല്ലാത്തവര്‍ക്ക് കെ.എല്‍.എഫ്. സീരീസിലുമാണ് നമ്പര്‍ ലഭിക്കുക. അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും തപാലില്‍ കവര്‍ നമ്പര്‍ അയച്ചിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് അധികൃതര്‍ പറഞ്ഞു.
ഇനിയും കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ തിങ്കളാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൗസുമായി ബന്ധപ്പെടണം. തിങ്കളാഴ്ചക്ക് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നേരത്തെ ഹജ്ജ് നിര്‍വഹിച്ചവര്‍ ഇത്തവണ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ തിങ്കളാഴ്ചയ്ക്കകം പിന്‍വലിക്കണം. ഹജ്ജ് സബ്‌സിഡി തീര്‍ത്ഥാടകര്‍ക്ക് ജീവിതത്തിലൊരിക്കല്‍ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഹജ്ജ് നിര്‍വഹിച്ചവര്‍ കണ്ടുപിടിക്കപ്പെടുകയാണെങ്കില്‍ അടച്ച മുഴുവന്‍ പണവും നഷ്ടപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.