STEP പ്രതിഭാ ക്ലബ്ബ്

പഠനം ഒരു സമരമാണ്. ലക്ഷ്യം നേടുന്നത് വരെയുള്ള പോരാട്ടം. പ്രതിഭയും കഠിന പരിശ്രമവും ഒത്തു ചേരുന്പോള്‍ അത് ഫലം കൊയ്യുന്നു. ശരിയായ മാര്‍ഗ്ഗദര്‍ശനം ലഭിക്കുന്നതോടെ ഫലം ഇരട്ടിയാവുന്നു. അത് സമൂഹ നന്മക്ക് വളമായി മാറുന്നതോടെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം പൂര്‍ത്തിയാവുന്നു.

മുസ്‍ലിം സമുദായത്തിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് ഉയരങ്ങളിലെത്തിക്കാന്‍ SKSSF ന്‍റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍റ് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റെപ്പ്. ഷാര്‍ജ സ്റ്റേറ്റ് SKSSF ന്‍റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഈ ദീര്‍ഘ കാല പരിശീലന പദ്ധതിയുടെ പ്രവേശന പരീക്ഷ സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളില്‍ വെച്ച് ഇന്ന് നടക്കുകയാണ്. ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പ്രവേശന പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒക്ടോബറില്‍ നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ച, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവക്ക് ശേഷമാണ് യോഗ്യരായവരെ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്.

സംസ്ഥാനത്ത് മുന്നൂറ് കുട്ടികളെയാണ് ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് വ്യക്തി വികാസത്തിനും മത്സര ബോധത്തിനും വേണ്ട വിവിധങ്ങളായ പരിശീലന വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കും. അധിക വായനക്കും അവസരമൊരുക്കും. കേരളത്തിനകത്തും പുറത്തുമുള്ള അക്കാദമിക വിദഗ്ദരും റിസോഴ്സ് അംഗങ്ങളും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. അഞ്ച് വര്‍ഷം കൊണ്ട് ഒരു കുട്ടിയെ സമൂലമായി മാറ്റിയെടുക്കുന്നതായിരിക്കും ഈ പരിശീലന പദ്ധതി.

ഇവരില്‍ ഏറ്റവും മികവ് കാണിക്കുന്നവര്‍ക്ക് സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ഉന്നത മേഖലകളിലേക്ക് സൗജന്യ പരിശീലനം നല്‍കും. മറ്റുള്ളവര്‍ക്ക് കാലിക പ്രാധാന്യമുള്ള കരിയര്‍ മേഖലകളിലേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കും.

തികച്ചും സൗജന്യമായി ലഭിക്കുന്ന ഈ പരിശീലന പദ്ധതിയിലൂടെ കുട്ടികളുടെ ഭാവി പ്രശോഭനമാകട്ടെ, അതുവഴി നമ്മുടെ നാട് വളരട്ടെ.. വേറിട്ട ഒരു ഫലത്തിനായി നമുക്ക് കാത്തിരിക്കാം...
- SKSSF TREND State Committee