ഖാസി മരണം :കേന്ദ്രമന്ത്രി ഇ.അഹമ്മദിന് SKSSF നിവേദനം നല്‍കി.

സി.ബി.ഐ യുടെ പ്രത്യേക സംഘത്തെ ഏല്‍പ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കും: ഇ.അഹമ്മദ്

കാസര്‍കോട് : മംഗലാപുരം - ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം സി ബി ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി കേന്ദ്രമന്ത്രി ഇ.അഹമ്മദിന് നിവേദനം നല്‍കി. കേസ് ആദ്യം അന്വേഷിച്ച അന്നത്തെ ഡി.വൈ.എസ്.പി യുടേയും സി.ഐ യുടേയും നേതൃത്വത്തിലുളള ലോക്കല്‍ പോലീസ് തെളിവ് നശിപ്പിക്കുന്ന രൂപത്തിലുളള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതിനെ ചുവട്പിടിച്ചുക്കൊണ്ടാണ് ക്രൈബ്രാഞ്ചും ഇപ്പോഴത്തെ സി.ബി.ഐ സംഘവും അന്വേഷിച്ചത്. കൂടാതെ ഉന്നത തലത്തിലുളള സമ്മര്‍ദ്ദങ്ങള്‍ക്ക് ഇപ്പോഴത്തെ സി.ബി.ഐ സംഘം വഴങ്ങുന്നതായി അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ സംശയിക്കുന്നതായും നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിവേദനസംഘത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര, ഓര്‍ഗനൈസിംഗ് സെക്രട്ടറി മൊയ്തു ചെര്‍ക്കള എന്നിവര്‍ ഉണ്ടായിരുന്നു.

ഇപ്പോഴത്തെ അന്വേഷണസംഘത്തെ മാറ്റി പുതിയ സി.ബി.ഐയുടെ പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പിക്കുന്നതിന് വേണ്ടിട്ടുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് സമസ്തയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന വ്യക്തി എന്നനിലയില്‍ എന്റെ ബാധ്യതയാണെന്നും ഇ.അഹമ്മദ് പറഞ്ഞു.