അറബിഭാഷാ പരിപോഷണത്തിന്ഗവേഷണ സ്ഥാപനങ്ങള്‍ അനിവാര്യം - ദാറുന്നജാത്ത് ദേശീയ അറബിക് സെമിനാര്‍

കരുവാരകുണ്ട്: ഏറെ ജോലിസാധ്യതയുള്ള അറബിഭാഷ പരിപോഷിപ്പിക്കാന്‍ സംസ്ഥാനത്ത് ഗവേഷണസ്ഥാപനങ്ങള്‍ അനിവാര്യമാണെന്ന് ദാറുന്നജാത്ത് അറബിക് കോളേജില്‍ നടന്ന ദേശീയ അറബിക് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
വിദേശത്ത് ഏറെ ജോലി സാധ്യതയുള്ള ഭാഷയാണ് അറബിക്, കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ സ്വാധീനംചെലുത്തിയ ഗള്‍ഫ് നാടുകളിലെ ഔദ്യോഗിക ഭാഷയും അറബിയാണ്. എന്നാല്‍ ഈ ഭാഷയെ പരിപോഷിപ്പിക്കാന്‍ ഇവിടെ കാര്യമായ സംവിധാനങ്ങളൊന്നുമില്ലെന്ന് സെമിനാര്‍ വിലയിരുത്തി. അറബിഭാഷാ പഠനത്തിന് മികവുറ്റ കേന്ദ്രങ്ങള്‍ വേണം. കൂടാതെ അറബിഭാഷയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പുതിയ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും വേണം. അറബിക് സര്‍വകലാശാല രൂപവത്കരിക്കപ്പെടാതെ കിടക്കുകയാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. 
സെമിനാറിന്റെ രണ്ടാംദിവസത്തെ പരിപാടികള്‍ ജാമിയ്യ നൂരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അലി നൗഫല്‍, എം.കെ. സാദിഖ്, ഡോ. മുജീബുറഹ്മാന്‍, കെ. അബ്ദുല്‍ റസാഖ്, പി.എം. സക്കറിയ, ഡോ. മുഹമ്മദ്ബഷീര്‍, ഡോ. സി. സൈതലവി, അനി ജാഫര്‍, മുഹമ്മദ്ഷാ, ഹംസഅന്‍സാരി, പി.വി. അബൂബക്കര്‍, മുഹമ്മ് ത്വയ്യിബ് സുല്ലമി, എം. ഹുസ്സന്‍, കെ. അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനത്തില്‍ സി. ഹംസ മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുസ്സലാം, എം.പി. വിജയകുമാര്‍, കെ.മുഹമ്മദ്, മുസ്തഫ, മുജീബുറഹ്മാന്‍, ഉബൈദുറഹ്മാന്‍, ഡോ. സൈതലവി ഫൈസി, പി. ഷൗക്കത്തലി തുടങ്ങിയവര്‍ പ്രസംഗിച്ചു.