വനിതാ കോഡ് ബില്‍ - മനുഷ്യത്വ വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ തള്ളണം : ഹൈദരലി തങ്ങള്‍

മലപ്പുറം : രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന വനിതാ കോഡ് ബില്‍ നിര്‍ദ്ദേശം മനുഷ്യത്വ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതും മൗലികാവകാശങ്ങള്‍ക്ക് വിരദ്ധവുമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയണം. ജനസംഖ്യാ നിയന്ത്രണത്തിന്‍റെ പേരില്‍ കൊണ്ടുവരുന്ന സന്താന നിയന്ത്രണം ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് പെണ്‍ ഭ്രൂണഹത്യക്ക് നിയമത്തിന്‍റെ മൗനാനുവാദം നല്‍കുന്നതു കൂടിയായിരിക്കും ഇത്. വ്യക്തി, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തം മതവിശ്വാസ പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ബഹുഭൂരിപക്ഷത്തിന്‍റെയും മതവിശ്വാസത്തെയും ദൈവ വിശ്വാസത്തെയും പരിഗണിക്കാതെ നിയമങ്ങള്‍ നടപ്പാക്കാന്‍ നടപ്പാക്കാന്‍ കഴിയില്ല. രണ്ടിലധികം കുട്ടികളുണ്ടാവുന്നതും അതിനെ പ്രോത്സാഹിപ്പിക്കും വിധം ആശയപ്രചാരണം നടത്തുന്നതും പാടില്ലെന്ന നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും ശരീഅത്ത് വിരുദ്ധവുമാണ്. മാനവ വിഭവശേഷിയില്‍ അഭിമാനിക്കുന്ന പരിഷ്കൃത രാജ്യത്തിന് ചേര്‍ന്ന നിര്‍ദ്ദേശമല്ല ഇത്. രണ്ട് കുട്ടികള്‍ക്ക് ശേഷമുണ്ടാവുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കരുതെന്ന നിര്‍ദ്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. മന ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കക്ക് വഴിവെച്ച നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
- ഇസ്‍ഹാഖ് കാരക്കുന്ന്  -