ഹജ്ജ് ക്യാമ്പിനു പ്രാര്‍ത്ഥനാ നിര്‍ഭര തുടക്കം; ആദ്യവിമാനം വ്യാഴാഴ്ച

ഒക്ടോബര്‍ 15 വരെ 24 മണിക്കൂറും ഹജ്ജ് ഹൗസ്
 പ്രവര്‍ത്തിക്കും
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍  ആരംഭിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യമ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു..
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.  

ഹജ്ജ് വേളയില്‍ ഹാജിമാരുടെ ചുമതലയുള്ള മുത്തവ്വഫുമാരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകുമെന്നും ഇക്കാര്യം സൗദി സര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 15 വരെ 24 മണിക്കൂറും ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കും. 29നാണ് ആദ്യവിമാനം പുറപ്പെടുക. 28 മുതല്‍ തീര്‍ഥാടകര്‍ ക്യാമ്പിലെത്തും. വിമാനഫ്‌ളാഗ്ഓഫിനും മൂന്നുനാള്‍ മുമ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത് ആദ്യമായാണ്. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിക്കും ജനപ്രതിനിധികള്‍ക്കുമുള്ള അസൗകര്യം മുന്‍നിര്‍ത്തിയാണ് ക്യാമ്പ് ഉദ്ഘാടനം ഞായറാഴ്ച നടത്തിയത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍നിന്ന് 7695 ഹാജിമാരുടെ പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും ഹജ്ജ് ഹൗസില്‍ എത്തിയിട്ടുണ്ട്. സൗദി കോണ്‍സുലേറ്റില്‍നിന്ന് വിസ ലഭ്യമാകുന്ന മുറയ്ക്ക് ബാക്കിയുള്ളവരുടെ പാസ്‌പോര്‍ട്ടുകളും ലഭ്യമാക്കും.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റിന്റെ ഇന്‍ചാര്‍ജുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ ഹജ്ജ് ഹൗസിലെത്തിയിട്ടുണ്ട്. 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങിയ ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം ഞായറാഴ്ച തുടങ്ങി. തീര്‍ഥാടകരെ സഹായിക്കാന്‍ ക്യാമ്പില്‍ 107 വളണ്ടിയര്‍മാരുണ്ടാകും. കാന്റീന്‍ പ്രവര്‍ത്തനത്തിന് 130 പേരടങ്ങിയ വളണ്ടിയര്‍മാരുടെ സേവനവുമുണ്ടാകും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ക്ലിനിക്കും എം.ഇ.എസ്. മെഡിക്കല്‍ കോളേജിന്റെ കീഴിലുള്ള പ്രത്യേക ക്ലിനിക്കും ക്യാമ്പിലുണ്ടാകും. ഹോമിയോ ഡോക്ടര്‍മാരുടെ സേവനവും 24 മണിക്കൂറും ലഭിക്കും.

ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ടി.എ. റഹിം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. എം.എല്‍.എ.മാരായ കെ.എന്‍.എ. ഖാദര്‍, കെ. മുഹമ്മദുണ്ണിഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, പി.എ. ജബ്ബാര്‍ ഹാജി, എം. അബൂബക്കര്‍ ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, എം.കെ. അബ്ദുള്‍ ഹമീദ്, എം. കാസിംകോയ, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എ.വി. അബ്ദുഹാജി, അഹമ്മദ് ദേവര്‍കോവില്‍, കെ.പി. മുസ്തഫ തങ്ങള്‍, പി.കെ.എം. ഹിബത്തുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.