ഇത് ഭാരത സംസ്കാരത്തിന്‍റെ ഉത്തമ മാതൃക: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
പാനൂര്‍: സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഭാരതീയസംസ്‌കാരത്തിന് പോറലേല്ക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാനൂരിനടുത്ത മൊകേരിയില്‍ ഗള്‍ഫ് വ്യവസായ പ്രമുഖന്‍ തൃശ്ശൂരിലെ അഡ്വ. സി.കെ.മേനോന്‍ ഒരു കോടിരൂപ ചെലവില്‍ പുനര്‍നിര്‍മിച്ച നെച്ചോളി പള്ളി ഉദ്ഘാടനത്തോടനുബന്ധിച്ച് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ പ്രത്യേകത മതേതരത്വമാണ് എന്ന് പറയാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടതില്ല. എല്ലാ മതങ്ങളും എല്ലാ വിശ്വാസങ്ങളും ഒരുപോലെ നിലകൊള്ളുന്നു. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസമുണ്ട്. മറ്റുള്ളവരുടേത് തള്ളിപ്പറയുന്നുമില്ല. ആ മനോഭാവമാണ് നമ്മുടെ സംസ്‌കാരത്തിന്റെ ആണിക്കല്ല്-മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷസംരക്ഷണവും അവകാശങ്ങളും നിലവില്‍ വന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഭാരതത്തിന്റെ ചരിത്രം പരസ്പരവിശ്വാസത്തിന്റേതാണ്. ഭരണഘടന നിലവില്‍വരുന്നതിന് മുമ്പുതന്നെ എല്ലാമതങ്ങളെയും കൈയും നീട്ടി സ്വീകരിച്ച രാജ്യമാണ് നമ്മുടേതെന്നും ഉമ്മന്‍ചാണ്ടി തുടര്‍ന്ന് പറഞ്ഞു.
പഴയ പള്ളിയില്‍ ആകെ 35ഓളം പേര്‍ക്ക് മാത്രമെ നിസ്‌കരിക്കാന്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. നിലവിലുള്ള ആറര സെന്റ് സ്ഥലത്തിന് പുറമെ ഏഴര സെന്റ് കൂടി വാങ്ങിയാണ് പള്ളി നിര്‍മിച്ചത്. 5085 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള പള്ളിയാണ് പണിതത്. ഇതിനായി സി കെ മേനോന്‍ ഒരു കോടി രൂപയാണ് ചെലവഴിച്ചത്. ഇപ്പോള്‍ അഞ്ഞൂറ് പേര്‍ക്ക് നിസ്‌കാരം നിര്‍വഹിക്കാനുള്ള സൗകര്യം പുനര്‍നിര്‍മിച്ച പള്ളിയിലുണ്ട്. നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന മേനോന്‍ തിരുവനന്തപുരത്ത് സ്‌കൂള്‍ ഓഫ് ഭഗവത്ഗീത സ്വന്തമായി നിര്‍മിച്ചിരുന്നു. ഇനി കോട്ടയത്ത് അല്‍ഫോണ്‍സയുടെ പേരില്‍ കൃസ്ത്യന്‍ പള്ളി നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സി കെ മേനോന്‍. ഈയടുത്ത് സഊദിയില്‍ നാല് മലയാളികളെ വധശിക്ഷക്ക് ശിക്ഷിച്ചപ്പോള്‍ അവരെ കേസില്‍ നിന്നൊഴിവാക്കാന്‍ 80 ലക്ഷം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മേനോന്‍ നല്‍കിയിരുന്നു
സംഘാടകസമിതി ചെയര്‍മാന്‍ കെ.സൈനുല്‍ ആബിദീന്‍ അധ്യക്ഷനായി. പള്ളിയുടെ ഉദ്ഘാടനം അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, സംസ്ഥാന കൃഷിമന്ത്രി കെ.പി.മോഹനന്‍, അബ്ദുസമദ് സമദാനി എം.എല്‍.എ., കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എം.എം.ഹസ്സന്‍, അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള, പി.ജയരാജന്‍, സത്യന്‍ മോകേരി എന്നിവര്‍ സംസാരിച്ചു. കെ.എം.സൂപ്പി അഡ്വ.സി.കെ.മേനോന് പള്ളിക്കമ്മിറ്റി വക ഉപഹാരം നല്കി. റിയാസ് നെച്ചോളി സ്വാഗതം പറഞ്ഞു.