അല്ലാഹുവിന്റെ വിളിക്കുത്തരം തേടിയുള്ള പുണ്യ ഭവനത്തിലേക്കുള്ള ഹജ്ജ് യാത്രികര്‍ക്കായി കരിപ്പൂര്‍ സംസ്ഥാന ഹജ്ജ് ഹൗസ് ഒരുങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പത്താം വര്‍ഷ ഹജ്ജ് ക്യാമ്പ് നാളെ മുതല്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ 10 ന് സംസ്ഥാന ഹജ്ജ് വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ക്യാമ്പിന് വേണ്ട വിപുലമായ ഒരുക്കങ്ങള്‍ ഹജ്ജ്ഹൗസില്‍ പൂര്‍ത്തിയായി. വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പ്രത്യേക ഷെഡ്ഡുകള്‍ ഒരുക്കലും ക്യാമ്പിന്റെ മുന്‍വശത്തെ മുറ്റത്ത് മണ്ണ് നിറയ്ക്കലും പൂര്‍ത്തിയായി
28 മുതലാണ് ക്യാമ്പില്‍ ഹാജിമാര്‍ എത്തിത്തുടങ്ങുക. 29 നാണ് കോഴിക്കോട്ടുനിന്നുള്ള ആദ്യ വിമാനം. 1000 പേര്‍ക്ക് ഒരേസമയം താമസിക്കാനും ഭക്ഷണം കഴിക്കാനും പ്രാര്‍ഥിക്കാനുമുള്ള സൗകര്യങ്ങളാണ് ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 100-ലധികം വളണ്ടിയര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഹജ്ജ്ക്യാമ്പ്, കൗണ്ടറുകള്‍, റോഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാവും. ഹാജിമാരെ ബസ്സുകളിലാണ് വിമാനത്താവളത്തിലേക്ക് എത്തിക്കുക.
ക്യാമ്പിനോടനുബന്ധിച്ച് കൊളത്തൂര്‍ കവല മുതല്‍ വിമാനത്താവളംവരെയുള്ള റോഡിന്റെ ഇരുവശത്തെയും കുറ്റിക്കാടുകള്‍ വെട്ടിമാറ്റിയിട്ടുണ്ട്. വിമാനത്താവള റോഡില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. പ്രത്യേക പോലീസ് പട്രോളിങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
25 നുതന്നെ സംസ്ഥാന ഹജ്ജ്‌സെല്ലും പ്രവര്‍ത്തനമാരംഭിക്കും. സൗദി വിസ പതിച്ച് എത്തിച്ച പാസ്‌പോര്‍ട്ടുകള്‍ തരംതിരിക്കുക, വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക എന്നിവ ഇവരാണ് നിര്‍വഹിക്കുക. ഒരു ഡിവൈ.എസ്.പിയുടെ കീഴിലാണ് ഹജ്ജ്‌സെല്‍ പ്രവര്‍ത്തനമാരംഭിക്കുക. ഇതോടൊപ്പം ഹജ്ജ് സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സിന്റെ ഓഫീസും പ്രവര്‍ത്തനമാരംഭിക്കും.അതേസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെയിറ്റിങ് ലിസ്റ്റിലുള്ള 20 പേര്‍ക്കുകൂടി ഹജ്ജിന് അവസരം ലഭിച്ചു. ഇതോടെ വെയിറ്റിങ്‌ലിസ്റ്റിലെ 425 വരെയുള്ളവര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരമായി..