ശിഹാബ്തങ്ങള്‍ പുരസ്‌കാരം വയനാട് ഓര്‍ഫനേജ് സെക്രട്ടറി മുഹമ്മദ് ജമാലിന്

തിരുവനന്തപുരം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശിഹാബ്തങ്ങള്‍ അവാര്‍ഡിന് വയനാട് ഓര്‍ഫനേജ് സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ അര്‍ഹനായി. സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം തിരൂരങ്ങാടി യത്തീംഖാനയ്ക്കാണ്.
10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 26ന് ഉച്ചയ്ക്ക് 3ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് വിതരണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അധ്യാപകര്‍ക്കുള്ള അവാര്‍ഡിന് കോഴിക്കോട് നരിപ്പറ്റ ആര്‍.എന്‍.എം. ഹൈസ്‌കൂളിലെ സി.കെ.കാസിമും മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡിന് തിരുവനന്തപുരം ഇളവട്ടം ബി.ആര്‍.എം. ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്രാ രാജഗോപാലും അര്‍ഹയായി.