ഹജ്ജ്; കേന്ദ്രസംഘത്തിന്റെ ഓഫീസ് വെള്ളിയാഴ്ച മുതല്‍ ഹജ്ജ് ഹജ്ജ്ഹൗസില്‍

7993 പേര്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന യാത്രയാവും
കരിപ്പൂര്‍: സംസ്ഥാനഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രഹജ്ജ് കമ്മിറ്റി നിയോഗിച്ച രണ്ടംഗസംഘം കരിപ്പൂരിലെത്തി. ഹജ്ജ്ഹൗസില്‍ കേന്ദ്രസംഘത്തിന്റെ ഓഫീസ് വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കും.
ഹജ്ജ്‌സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സിന്റെ അധികൃതരും വ്യാഴാഴ്ച കരിപ്പൂരിലെത്തി ഹജ്ജ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഇവര്‍ക്ക് നാല് കൗണ്ടറുകള്‍ അനുവദിക്കാനും ഫോണ്‍ കണക്ഷനുകള്‍ നല്‍കാനും ധാരണയായി.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് 7993 പേരെയാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന തിരഞ്ഞെടുത്തത്. കേന്ദ്ര ക്വാട്ടയില്‍നിന്ന് പ്രത്യേക അനുമതി ലഭിച്ച 295പേരും കരിപ്പൂര്‍ വഴി യാത്രയാകും. 7433 പേരുടെ പാസ്‌പോര്‍ട്ടില്‍ വിസപതിച്ച് ലഭ്യമാക്കിയിട്ടുണ്ട്. 20 കേന്ദ്രങ്ങളിലായി തീര്‍ഥാടകര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി. 14 ജില്ലകളിലെയും മെഡിക്കല്‍ ഓഫീസ് വഴി തീര്‍ഥാടകര്‍ക്ക് പോളിയോ, മെനിഞ്ചൈറ്റിസ് കുത്തിവെപ്പുകള്‍ ലഭ്യമാക്കി.
20 വളണ്ടിയര്‍മാരെയാണ് തീര്‍ഥാടകരുടെ സൗകര്യത്തിനായി സൗദിയിലേക്കയക്കുക. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ഹജ്ജ്ക്വാട്ട അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സ്വാഗതമോതുന്ന കൂറ്റന്‍ഗേറ്റ് ഹജ്ജ്ഹൗസിന് മുന്നില്‍ സൗദി എയര്‍ലൈന്‍സ് സ്ഥാപിക്കും. ഹജ്ജ്ഹൗസിന്റെ ആവശ്യത്തിനായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനും സമീപറോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കാനും ആവശ്യപ്പെടും.
300 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഹജ്ജ് സര്‍വീസിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില ദിവസങ്ങളില്‍ മൂന്നുസര്‍വീസുകള്‍ വരെയുണ്ടാകും. സമ്മദ് പൂക്കോട്ടൂര്‍, പ്രൊഫ.അബ്ദുള്‍ ഹമീദ് എന്നിവരായിരിക്കും ക്യാമ്പിലെ ഹജ്ജ് കോ- ഓര്‍ഡിനേറ്റര്‍മാര്‍.