കേരളത്തിലെ ഇസ്‍ലാമിക വളര്‍ച്ചയില്‍ സമസ്‌തയുടെ പങ്ക്‌ മറക്കാനാവാത്തത്‌ : മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ

റിയാദ്‌ : പരസ്‌പരം സഹായിച്ചും കൊടുത്തും ഉള്ള കേരളത്തിലെ മുസ്ലിംകളുടേ സംഘടിത ശക്തി ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച്‌ വളരെ വലുതാണ്‌. നമ്മുടെ മുന്‍തലമുറ ഇസ്‍ലാമിക പ്രസ്‌താനത്തോട്‌ കൂടുതല്‍ പ്രതിബദ്ധത കാണിച്ചിരുന്നു. അതുകൊണ്ടാണ്‌ നാം ഇന്ന്‌ കാണൂന്ന കേരളത്തിലെ മുസ്ലിംകളുടെ ഉയര്‍ച്ചക്കുള്ള മുഖ്യ കാരണം. ഇതിനെല്ലാം ഉദാഹരണമാണ്‌ നാം ഇന്ന്‌ കേരളത്തില്‍ കാണൂന്ന പള്ളികളും, മദ്രസ്സകളും, യതീംഖാനകളും, കോളേജുകളുമെല്ലാം. ഇത്ത്യാതി കാര്യങ്ങള്‍ കേരളത്തില്‍ മുറിഞ്ഞു പോവാതെ തുടര്‍ന്നു വന്നതില്‍ നമ്മുടെ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക്‌ മുഖ്യ പങ്കുണ്ടെന്ന്‌ എസ്‌. വൈ. എസ്‌ സംസ്‌ഥാന സെക്രട്ടറി മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ സദസ്സിനെ ഓര്‍മിപ്പിച്ചു.


മാലിക്‌ ദീനാറും അനുയായികളും കേരളത്തില്‍ വന്നപ്പോള്‍ ആദ്യം നിര്‍മിച്ചത്‌ പള്ളിയായിരുന്നു. അങ്ങിനെ അവര്‍ പലഭാഗത്തും പള്ളികള്‍ നിര്‍മിച്ചു മഹല്ലുകള്‍ക്ക്‌ രൂപം നല്‌കി. ഇന്നുകാണുന്ന പതിനായിരക്കണക്കിന്‌ മഹല്ലുകള്‍ ഉണ്ടായത്‌ ഈ രൂപത്തിലാണ്‌. കേരളത്തില്‍ 14 നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഇസ്ലാമിന്റെ തുടക്കം കുറിച്ചിട്ടുണ്ട്‌. കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുതന്നെ മഹല്ല്‌ സംവിധാനം നിലനില്‍ക്കുന്നുണ്ട്‌. ഇന്ന്‌ കേരളത്തിലേതു പോലെ ചുരുക്കം സ്‌ഥലങ്ങളില്‍ മാത്രമാണ്‌ പ്രവാചകന്റെ കാലം മുതല്‍ക്കുള്ള ഇസ്ലാമിക വിജ്ഞാനത്തിന്റെ മുറിഞ്ഞു പോവാത്ത ആ ബന്ധം നമുക്ക്‌ കാണാന്‍ കഴിയുക, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യ പ്രഭാഷണത്തില്‍ സദസ്സിനെ ഓര്‍മിപ്പിച്ചു. ഇസ്ലാമിനെ വാണിജ്യ വല്‍കരിക്കുന്നവര്‍ക്കെതിരെ രംഗത്തിറങ്ങണമെന്നും മാസ്റ്റര്‍ ഓര്‍മിപിച്ചു. റിയാദില്‍ ഇസ്ലാമിക്‌ സെന്ററിന്റെ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളെ മാസ്റ്റര്‍ പ്രശംസിച്ചു.

ഇസ്ലാമിക ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക്‌ നന്മപകരാനും, ദീനീ വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‌കികൊണ്ട്‌ വരുംതലമുറകള്‍ക്ക്‌ കൂടി ഉപകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ നമ്മേകൊണ്ട്‌ കഴിയുന്നതു ചെയ്യണമെന്നും ഉസ്‌താദ്‌ അന്‍വര്‍ അബ്‌ദുല്ല ഫള്‌ഫരി ഉപദേഷിച്ചു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഒരു വഴികാട്ടിയായി തീരും വിധം ജീവിതം ക്രമീകരിക്കണമെന്നും അന്‍വര്‍ ഉസ്‌താദ്‌ ഓര്‍മിപ്പിച്ചു. സമസ്‌തയെ നയിക്കുന്ന നമ്മുടെ നേതാക്കന്മാരുടെ മാതൃക നാമും നമ്മുടേ നിത്യജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കണമെന്നും ഉസ്‌താദ്‌ ഓര്‍മിപ്പിച്ചു.

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85 -ാം വാര്‍ഷിക സമ്മേളന പ്രചാരണവും വാദീനൂര്‍ ഹജ്ജ്‌ രജിസ്‌ട്രേഷന്‍ ഉല്‍ഘാടനവും എന്ന വിഷയവുമായി ക്ലാസിക്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇസ്‌്‌ലാമിക്‌ സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ ഫവാസ്‌ ഹുദവി അധ്യക്ഷത വഹിച്ചു. ഉസ്‌താദ്‌ അന്‍വര്‍ അബ്‌ദുല്ല ഫള്‌ഫരി ഉല്‍ഘാടനം ചെയ്‌തു. ഹജ്ജ്‌ രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം ഇസ്ലാമിക്‌ സെന്റര്‍ ചെയര്‍മാന്‍ എന്‍. സി. മുഹമ്മദ്‌, ഉമ്മര്‍ കോയ യൂണിവേഴ്‌സിറ്റിക്ക്‌ നല്‌കി നിര്‍വ്വഹിച്ചു. വാദീനൂര്‍ ഹജ്ജ്‌ വിശദീകരണം അബൂബക്കര്‍ ഫൈസി ചുങ്കത്തറയും, ദഅവാ ക്ലാസിന്‌ ഹൈദരലി വാഫിയും നേതൃത്വം നല്‌കി.

എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, കുന്നുമ്മല്‍ കോയ (കെ.എം.സി.സി), സുബൈര്‍ ഹുദവി (എസ്‌. വൈ. എസ്‌), ഉബൈദ്‌ എടവണ്ണ (ജയ്‌ ഹിന്ദ്‌ ടി വി) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പശ്ചിമ ബങ്കാളില്‍ ആരംഭിക്കുന്ന ഓഫ്‌കമ്പസ്‌ പ്രവര്‍ത്തനങ്ങളെ റിയാദ്‌ ഇസ്ലാമിക്‌ സെന്റര്‍ പ്രശംസിച്ചു. പരിപാടി അബൂബക്കര്‍ ബാഖവി, ലത്തീഫ്‌ ഹാജി, ഉമ്മര്‍ കോയ, അബ്ദുള്ള ഫൈസി കണ്ണൂര്‍, അബ്ദുറഹിമാന്‍ കൊയ്യോട്‌, ഹബീബുള്ള പട്ടാമ്പി, ഹംസ മൂപ്പന്‍ ഇരിട്ടി, സൈദാലി വലംമ്പൂര്‍, ഷാഹുല്‍ ഹമീദ്‌, ഇഖ്‌ബാല്‍ കാവനൂര്‍, നൌഷാദ്‌ വൈലത്തുര്‍, അസീസ്‌ പുള്ളാവൂര്‍, ഷൗക്കത്ത്‌ കാഞ്ഞിരപ്പുഴ, ഹുസൈ കുട്ടി എന്നിവര്‍ നിയന്ത്രിച്ചു.  അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും അഷ്‌റഫ്‌ ഫൈസി വാഴക്കാട്‌ നന്ദിയും പറഞ്ഞു.