ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്ക് കുത്തിവെപ്പിനുള്ള മരുന്നെത്തി; 22നകം കുത്തിവെപ്പ് പൂര്‍ത്തിയാക്കണം


തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കുത്തിവെപ്പിനുള്ള മരുന്നുകള്‍ എല്ലാ ജില്ലകളിലുമെത്തി. വെള്ളിയാഴ്ച രാത്രി ഡല്‍ഹി കേന്ദ്ര ആരോഗ്യ വകുപ്പില്‍ എത്തിയ മരുന്നുകള്‍ ഇന്നലെ സംസ്ഥാനത്തെ മുഴുവന്‍ ഡി.എം.ഒ ഓഫീസുകളിലും എത്തിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ കുത്തിവെപ്പ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അറിയിപ്പ് നല്‍കും. പോളിയോ, മെനിഞ്ചൈറ്റീസ്, ഇന്‍ഫ്ളൂവന്‍സ് കുത്തിവെപ്പുകളാണ് ഉണ്ടാവുക. ഈ മാസം 22നകം കുത്തിവെപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. 1987 ഹജ്ജ് കാലയളവില്‍ മെനിഞ്ചൈറ്റീസ് രോഗം പിടിപെട്ട് മക്കയിലും മദീനയിലും ഒട്ടേറെ ഹാജിമാര്‍ മരിക്കാന്‍ ഇടയായിരുന്നു. ഇതെ തുടര്‍ന്നാണ് ഹജ്ജ് യാത്രക്ക് മുമ്പ് കുത്തിവെപ്പ് നടത്താന്‍ സഊദി സര്‍ക്കാര്‍...
നിര്‍ബന്ധ നിര്‍ദ്ദേശം നല്‍കിയത്. കുത്തിവെപ്പിന്റെ രേഖകള്‍ ക്യാമ്പില്‍ നിന്നു നല്‍കുന്ന പാസ്പോര്‍ട്ട്, ടിക്കറ്റ്, ബോര്‍ഡിംഗ്പാസ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഹജ്ജ് നമ്പര്‍ എഴുതിയ ലോഹവള, റിയാല്‍ എന്നിവയോടൊപ്പം നിര്‍ബന്ധമായും കൈവശം വെക്കേണ്ടതുണ്ട്. കുത്തിവെപ്പ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ മക്കയിലും മദീനയിലും പ്രവേശനം അനുവദിക്കൂ. സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും കാരണത്താല്‍ ഹാജരാക്കാന്‍ കഴിയാതെ വന്നാല്‍ അവിടെ വെച്ച് വീണ്ടും കുത്തിവെപ്പ് നടത്തേണ്ടതായി വരും. അതേ സമയം മറ്റു രോഗങ്ങളുടെ ചികിത്സയില്‍ കഴിയുന്നവരാണെങ്കില്‍ മരുന്നിനൊപ്പം അതിന്റെ കുറിപ്പും രോഗവിവരങ്ങള്‍ അടങ്ങിയ രേഖകളും കൈവശം വെക്കണമെന്ന് ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്
ലഗേജുകളുടെ തൂക്കം പരമാവധി കുറക്കാന്‍ ഹാജിമാര്‍ ശ്രദ്ധിക്കണം. 45 കിലോ ലഗേജിനും 10 കിലോ ബാഗേജിനുമാണ് അനുവാദം. 25,20 കിലോ തൂക്കങ്ങളിലായിട്ടായിരിക്കണം ലഗേജ്. നേരത്തെ ഇത് 23 കിലോ, 22 കിലോ എന്നീ നിലയിലായിരുന്നു. ഈ വര്‍ഷം മുതലാണ് 25,20 എന്ന നിലയിലാക്കിയത്. മടക്കയാത്രയില്‍ 10 കിലോ സംസം വെള്ളവും കൊണ്ടുവരാവുന്നതാണ.