കൊല്‍കത്ത : ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ പശ്ചിംമ ബംഗാളില്‍ ആരംഭിക്കുന്ന ഓഫ് കാമ്പസിന്റെ ശിലാസ്ഥാപന കര്‍മം ദാറുല്‍ ഹുദാ ചാന്‍സലര്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത ശിലാസ്ഥാപന സമ്മേളനം സമൂഹത്തിലെ വിവിധ കോണുകളില്‍പെട്ട പൗര പ്രമുഖരുടെ ശ്രദ്ധ പിടിച്ചുപറ്റി.
പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരില്‍ അസ്സകീഫ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ദാനമായി നല്‍കിയ 20 ഏക്കറിലാണ് ഓഫ് കാമ്പസ് തുടങ്ങുന്നത്. ഡോ. മുന്‍കിര്‍ ഹുസൈന്‍ മേധാവിയായ ഈ ട്രസ്റ്റ് വിദ്യാഭ്യാസ ആവിശ്യങ്ങള്‍ക്കായി നീക്കിവെച്ചിരുന്നങ്കിലും പ്രസ്‌തുത ഭൂമി കാലങ്ങളായി നിശ്‌ക്രിയമായി കിടന്നിരുന്ന പശ്ചാത്തലത്തിലാണ് പ്രസ്‌തുത ഭൂമി ദാറുല്‍ ഹുദാക്ക് വിട്ട് തരാന്‍ തയ്യാറായത്.
ആദ്യഘട്ടമായി ഏല്‍പിച്ചു തന്ന 12 ഏക്കര്‍ ഭൂമിയിലാണ് ദാറുല്‍ ഹുദാ ഒട്ടേറെ ലക്ഷ്യമിടുന്ന ഓഫ് കാമ്പസ് ഉദ്‌ഘാടനം ചെയ്‌തത്. വ്യവസ്ഥാപിത പാഠ്യപദ്ധതിയോടെയുള്ള പ്രഥാമിക മദ്രസ, ആരാധനകള്‍ക്കും ഉദ്‌ബോധനം നല്‍കുന്നതിനുമായി സൗകര്യപ്രദമായ മസ്‌ജിദ്, മത ഭൗതിക സമന്വയ പഠനത്തോടെയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വിവിധ ഫാക്കല്‍റ്റികളുള്ള ഉന്നത മത ഭൗതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രഷര്‍ കോഴ്‌സുകള്‍ നല്‍കുന്നതിനായി ഗൈഡന്‍സ് സെന്റര്‍, വനിതാ ഇസ്‌ലാമിക് കോളേജ്, സ്റ്റുഡന്‍സ് ഹോസ്റ്റല്‍ തുടങ്ങിയവയാണ് പ്രഥമ ഘട്ട പദ്ധതികള്‍. പശ്ചിമ ബംഗാള്‍ കൂടാതെ ഒറീസ, ജാര്‍ഖണ്ഡ്, ബീഹാര്‍, ആസാം, സിക്കിം, എന്നീ അയല്‍ സ്റ്റേറ്റുകളിലേയും അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, ത്രിപുര എന്നീ പൂര്‍വേന്ത്യന്‍ സ്റ്റേറ്റുകളിലെയും മുസ്‌ലിംകള്‍ക്ക് ഉപകാരപ്രദവും വിജ്ഞാന ദായകവുമാകുന്ന ഒരുത്തമ കേന്ദ്രമായിത്തീരും ഇത്.
വൈകിട്ട് മൂന്ന് മണിക്ക് ഭീംപൂരില്‍ നടന്ന സമ്മേളനത്തില്‍ ദാറുല്‍ ഹുദാ പ്രോചാന്‍സ്‌ലറും സമസ്‌ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ലേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിച്ചു. അസ്സക്കീഫ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബ് (തായ്‌വാന്‍) കെ.എം സൈതലവി ഹാജി കോട്ടക്കല്‍ യു.വി.കെ മുഹമ്മദ് സാര്‍, ശാഫി ഹാജി ചെമ്മാട്,ഓണമ്പിള്ളി മുഹമ്മദ് ഫൈസി,കെ.കെ നാസര്‍ കോട്ടക്കല്‍, ബശീര്‍ ഹാജി കോട്ടക്കല്‍,അഹമ്മദ് മൂപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വെസ്റ്റ് ബംഗാള്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഷഹിന്‍ശാ ജഹാംഗീര്‍, സ്വാബിര്‍ ഗഫാര്‍ കൊല്‍ക്കത്ത, ശരീഫ് ഫിറോസ് അഹമ്മദ് വര്‍സി, ഷാ ആലം കൊല്‍കത്ത, മൗലാനാ നൂറുല്‍ ഹുദാ നദ്‌വി, മൗലാനാ അബുല്‍ ഖാസിം മുര്‍ശിദാബാദ്, മൗലാനാ ഗുലാം സമദാനി, മാസ്‌റ്റര്‍ അബ്‌ദുര്‍റഖീബ് ബീര്‍ഭൂം, എന്‍.സി റഷീദ് കോടമ്പുഴ, ഓമച്ചപുഴ അബ്‌ദുള്ള ഹാജി, സലാം ഹാജി, റഷീദ് ഹാജി, ജാബിര്‍ കെ.ടി ഹുദവി, അന്‍വര്‍ സാദത്ത് ഹുദവി, ശാഫി ഹുദവി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.