സി കെ മേനോന്‍ നിര്‍മിച്ച പള്ളി ഹൈദരലി തങ്ങള്‍ നാടിന് സമര്‍പ്പിക്കും

പാനൂരിലെ നെച്ചോളിപ്പള്ളി
ദോഹ : ഖത്തറിലെ പ്രമുഖ വ്യവസായി പത്മശ്രീ അഡ്വ. സി കെ മേനോന്‍ നാടിന് സമര്‍പ്പിച്ച പള്ളി ഉദ്ഘാടനത്തിനൊരുങ്ങുന്നു. കണ്ണൂര്‍ പാനൂരിനടുത്ത മൊകേരിയിലാണ് സി കെ മേനോന്‍ നാട്ടുകാരുടെ ചിരകാലാഭിലാഷം പൂര്‍ത്തികരിച്ചുകൊണ്ട് പള്ളി നിര്‍മ്മിച്ചത്.
മൊകേരിയിലെ 150 പഴക്കമുള്ള നമസ്‌കാരപള്ളി പൊളിച്ച് ജുമുഅ നമസ്‌കാരം നിര്‍വ്വഹിക്കാവുന്ന വിധം വിശാലമായ സൗകര്യത്തോടെയാണ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. മൊകേരിയിലുള്ളവര്‍ ജുമുഅ നമസ്‌കാരത്തിനായി കിലോമീറ്ററുകളോളം അകലെയുള്ള പള്ളികളെയാണ് ആശ്രയിച്ചിരുന്നത്. ഈ അസൗകര്യം സഫാരി മാള്‍ ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദിനാണ് സി കെ മേനോന്റ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് മേനോന്‍ പള്ളിയോടനുബന്ധിച്ച 13 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങുകയും 70 ലക്ഷം രൂപ ചെലവില്‍ പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
മതസൗഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃകയാണ് മേനോന്‍ ഇതിലൂടെ കാഴ്ചവെച്ചിരിക്കുന്നതെന്ന് സൈനുല്‍ ആബിദിന്‍ പറഞ്ഞു. ഈ മാസാവസാനം നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിന്റെ നടത്തിപ്പിനായി കേന്ദ്രവിദേസകാര്യസഹമന്ത്രി ഇ അഹമ്മദ്, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍എ കെഎം സൂപ്പി (മുഖ്യരക്ഷാധികാരികള്‍), കെ.പി മോഹനന്‍ എം.എല്‍.എ പത്രപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ്, പി ജയരാജന്‍ എം എല്‍.എ,. മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് ടിപി രാജന്‍, കെ.പി സുപ്പി മാസ്റ്റര്‍, എസ് ബി പി തങ്ങള്‍ (രക്ഷാധികാരികള്‍), സൈനുല്‍ ആബിദിന്‍ (ചെയര്‍) കെ മഹ്മൂദ് (ജന.കണ്‍) റിയാസ് നൊച്ചോളി, മെഹറൂഫ് കെ (കണ്‍.) കെ ഇബ്രാഹിം (ട്രഷ.) എന്നിവര്‍ ഭാരവാഹികളായി സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഗാനം ചെയ്യും. ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദിന്‍ മുസ്ലിയാര്‍, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.