ആദ്യസംഘം സപ്തംബര്‍ 29 നു പുറപ്പെടും
കൊണ്ടോട്ടി: അധിക ക്വാട്ട വഴി സംസ്ഥാനത്തെ 853 അപേക്ഷകര്‍ക്കുകൂടി ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചതായി ഹജ്ജ് ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. വെയിറ്റിങ് ലിസ്റ്റില്‍ 400 വരെയുള്ളവര്‍ക്കാണ് അവസരം ലഭിക്കുക. ഇതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 7993 പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിക്കും. 41456 പേര്‍ ഇത്തവണ അപേക്ഷ നല്‍കിയിരുന്നു.
പുതുതായി അവസരം ലഭിച്ചവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍നിന്ന് നേരിട്ട് നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സപ്തംബര്‍ 29നാണ് ആദ്യസംഘം പുറപ്പെടുക. ഒക്ടോബര്‍ 16ന് അവസാനസംഘവും യാത്രയാകും.
നവംബര്‍ 12 മുതല്‍ 29 വരെയാണ് മടക്കയാത്ര. സൗദി എയര്‍ലൈന്‍സ് ആണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്. 300 തീര്‍ഥാടകരാണ് ഒരുസമയം യാത്രയാവുക.
എറണാകുളം - ഇടുക്കി ജില്ലക്കാര്‍ക്കുള്ള പരിശീലന ക്ലാസ് ഞായറാഴ്ച മുതല്‍
കൊച്ചി:സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2011 വര്‍ഷത്തില്‍ ഹജ്ജ് കര്‍മത്തിന് പോകുന്ന എറണാകുളം - ഇടുക്കി ജില്ലക്കാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസ്സുകളില്‍ ഇടുക്കിജില്ല, കുന്നത്തുനാട്, കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളില്‍ ഉള്ളവര്‍ക്ക് സപ്തംബര്‍ 4 ഞായറാഴ്ച രാവിലെ 9 മണിക്ക് മൂവാറ്റുപുഴ ഇലാഹിയ സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ആലുവ, എറണാകുളം, പറവൂര്‍ താലൂക്കുകളിലുള്ളവര്‍ക്ക് 5ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് കലൂര്‍ എം.ഇ.എസ്. ഹാളിലും ക്ലാസ് നടത്തും. എല്ലാവരും നിര്‍ബന്ധമായും പഠനക്ലാസ്സുകളില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുവേണ്ടി ട്രെയ്‌നര്‍ എന്‍.പി. ഷാജഹാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ഹജ്ജ് കമ്മിറ്റി ഓഫീസുമായോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം. ഫോണ്‍: 9447914545, 9447212320.