ഹറമിലെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ മടക്കയാത്ര തുടങ്ങി

മക്ക: പ്രാര്‍ഥനയുടെ പുണ്യത്തിലലിഞ്ഞ് നിര്‍മ്മല മനസ്സുമായി തീര്‍ഥാടക ലക്ഷങ്ങള്‍ ഹറമിനോട് വിട ചൊല്ലിത്തുടങ്ങി. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിയ പവിത്രമാസത്തിന്റെ പുണ്യ രാവുകളില്‍ ദിക്റുകളിലും ദുആകളിലും നിസ്കാരങ്ങളിലും മുഴുകി ആത്മ ശാന്തി നേടിയതിന്റെ നിര്‍വൃതിയിലാണ് ലക്ഷക്കണക്കിന് ഉംറ തീര്‍ത്ഥാടകര്‍ ഹറമില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്.
റമസാനിന്റെ അവസാന പത്തില്‍ ഇക്കുറി ഹറമുകളില്‍ അഭൂത പൂര്‍വ്വമായ തിരക്കാണനുഭവപ്പെട്ടതെന്ന് ഹറം കാര്യാലയ വിഭാഗം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അവസാന വെള്ളിയാഴ്ചയും ഇരുപത്തി ഏഴാം രാവും ഒന്നിച്ചെത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇരുപത്തി അഞ്ച് ലക്ഷത്തിലധികം പേര്‍ ഒന്നിച്ചെത്തിയതോടെ ഹറം പള്ളിയും പരിസരവും വീര്‍പ്പുമുട്ടി. പ്രവാചക പള്ളിയിലും കനത്ത തിരക്കാണനുഭവപ്പെട്ടത്. ഇരുപത്തി ഒമ്പതാം രാവിന്റെ ഖത്മുല്‍ ഖുര്‍ആനില്‍ പങ്കെടുത്താണ് ഇവര്‍ മടങ്ങിയത്. എന്നാല്‍ പെരുന്നാള്‍ നിസ്കാരത്തിന് ശേഷം മടങ്ങാനിരിക്കുന്നവരും ഉണ്ട്. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ അബ്ദുല്ലാ രാജാവിന്റെ സാന്നിധ്യവും ഇക്കുറി ഹറമിലുണ്ടായിരുന്നു. നിരവധി രാഷ്ട്ര തലവന്മാരും അവസാനത്തെ പത്തില്‍ ഹറമിലെത്തി.
ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്കും തറാവീഹിനും ഹറം പള്ളി ഇമാമും ഖത്തീബുമായ ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസ് ആണ് നേതൃത്വം നല്‍കിയത്. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പ് നല്‍കണം, ഇസ്ലാമികാധ്യാപനങ്ങളനുസരിച്ച് ഭാവിജീവിതം നയിക്കാന്‍ ഭാഗ്യമുണ്ടാകണം, ലോകമുസ്ലിംകള്‍ക്ക് വെല്ലുവിളികള്‍ നേരിടാന്‍ ആര്‍ജ്ജവം നല്‍കണം, ലോക മുസ്ലിംകള്‍ക്ക് ശാന്തി നല്‍കണം.., ശൈഖ് സുദൈസിന്റെ പ്രാര്‍ത്ഥനക്ക് തിങ്ങിനിറഞ്ഞ ജനാവലി ആമീന്‍ പറഞ്ഞു. ഹറം പള്ളിയുടെ എല്ലാ നിലകളും മുറ്റങ്ങളും വിശ്വാസികളാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. മുപ്പത് ലക്ഷത്തോളം പേര്‍ ഹറം പള്ളിയിലും 15 ലക്ഷത്തോളം പേര്‍ മദീനയിലെ പ്രവാചക പള്ളിയിലും ഖത്മുല്‍ ഖുര്‍ആനില്‍ പങ്കെടുത്തുവെന്നാണ് കണക്ക്.