ഹജ്ജ് ടൂര്‍ ലൈസന്‍സ്: അഞ്ച് ദിവസത്തിനുള്ളില്‍ 300ല്‍പരം അപേക്ഷകള്‍

മലപ്പുറം: സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാരുടെ രജിസ്ട്രേഷന്‍ നിബന്ധന ലഘൂകരിച്ച് പുതിയ അപേക്ഷ ക്ഷണിച്ചപ്പോള്‍ അഞ്ചു ദിവസത്തിനുള്ളില്‍ മുന്നൂറിലധികം അപേക്ഷകള്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിലെത്തി. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ഇതിനകം 900 ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് കേന്ദ്രം ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെയാണ് പുതിയ അപേക്ഷകള്‍ ക്ഷണിച്ചത്. നിലവില്‍ കേന്ദ്രസര്‍ക്കാറിന്‍െറ കൈയില്‍ 48,500 ഹജ്ജ് ക്വോട്ട മാത്രമാണുള്ളത്. ലൈസന്‍സുള്ളവര്‍ക്ക് നിലവിലുള്ള ക്വോട്ട വീതിച്ചു നല്‍കേണ്ടിവരും.
പുതുതായി അപേക്ഷ സമര്‍പ്പിച്ച ഭൂരിഭാഗവും നിലവില്‍ ലൈസന്‍സ് നേടിയവരുടെ ബിനാമികളാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ക്വോട്ട വീതം വെക്കുമ്പോള്‍ കൂടുതല്‍ എണ്ണം തരപ്പെടുത്താനാണ് ബിനാമി പേരില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതത്രെ.
ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ മക്കയില്‍ മുതവ്വിഫുമായി കരാറുണ്ടാക്കാനും താമസസ്ഥലം ഏര്‍പ്പാടാക്കാന്‍ കരാര്‍ വെക്കാനും കഴിയൂ. മുതവ്വിഫുമായി കരാര്‍ വെച്ചതിന്‍െറ പേരില്‍ ഹജ്ജ് ടൂര്‍ ലൈസന്‍സ് നല്‍കാനാവില്ളെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതേസമയം, 900 ലൈസന്‍സുകള്‍ നല്‍കി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ധിറുതി പിടിച്ച് കേവലം അഞ്ചു ദിവസം മാത്രം പുതിയ അപേക്ഷ സ്വീകരിച്ചത് ചില പ്രത്യേക താല്‍പര്യത്തോടെയാണെന്ന ആക്ഷേപവുമുണ്ട്.
കഴിഞ്ഞ വര്‍ഷം ദുല്‍ഖഅദ് ഒന്നിനാണ് ആദ്യത്തെ സ്വകാര്യ ഹജ്ജ് ഫൈ്ളറ്റ് സൗദിയിലെത്തിയത്. ഇത്തവണ ദുല്‍ഖഅദ് ഒന്ന് സെപ്റ്റംബര്‍ 29നാണ്. ഇപ്പോള്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് സമര്‍പ്പിച്ച രേഖകള്‍ ഒത്തുനോക്കി യോഗ്യരായവര്‍ക്ക് ലൈസന്‍സ് നല്‍കിക്കഴിഞ്ഞ ശേഷം മുതവ്വിഫുമായി താമസസ്ഥലം സംബന്ധിച്ചും കരാര്‍ വെക്കണം. പിന്നീട് മാത്രമേ സൗദി ഹജ്ജ് മന്ത്രാലയത്തില്‍നിന്ന് സ്റ്റിക്കര്‍ ലഭിക്കൂ. ഈ സ്റ്റിക്കര്‍ പ്രകാരമേ ഹജ്ജാജികളെ തെരഞ്ഞെടുക്കാവൂ. പിന്നീട് മാത്രമേ പാസ്പോര്‍ട്ടില്‍ സ്റ്റിക്കറൊട്ടിച്ച് വിസ അടിക്കൂ. ഈ നടപടിക്രമങ്ങള്‍ക്ക് ഏതാനും ആഴ്ചകള്‍ വേണ്ടിവരും. അതിനാല്‍ തന്നെ ഇത്തവണത്തെ സ്വകാര്യ ഹജ്ജ് യാത്ര മുന്‍ വര്‍ഷത്തെപ്പോലെ കൃത്യസമയത്ത് ആരംഭിക്കാന്‍ കഴിയുമോ എന്ന ആശങ്ക ചില ടൂര്‍ ഓപറേറ്റര്‍മാര്‍ ഉയര്‍ത്തുന്നുണ്ട്.