കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് 25ന് തുടങ്ങും; ആദ്യ വിമാനം 29 ന്

തീര്‍ഥാടകര്‍  18 മണിക്കൂര്‍ മുമ്പ് ക്യാമ്പിലെത്തണം
കൊണ്ടോട്ടി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പ് 25ന് തുടങ്ങാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ ഉപകമ്മിറ്റികളുടെ ഏകോപന യോഗം 16ന് ചേരും. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ ഉപകമ്മിറ്റി ചെയര്‍മാന്‍മാരാകും.
സപ്തംബര്‍ 29നാണ് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്നത്. തീര്‍ഥാടകര്‍ വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുമ്പേ ക്യാമ്പില്‍ എത്തിച്ചേരണമെന്ന് ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചു. 29മുതല്‍ ഒക്ടോബര്‍ 16വരെയാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ നടക്കുക. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആണ് സര്‍വീസ് നടത്തുന്നത്. ആകെ 27 വിമാനങ്ങളാണുള്ളത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം 7993 അപേക്ഷകര്‍ക്കാണ് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി ലഭിച്ചത്. 5921 മുതിര്‍ന്നവരും മൂന്ന് ശിശുക്കളും നറുക്കെടുപ്പില്ലാതെ അവസരം നേടിയവരാണ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.എ. റഹീം എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ.ഇ. ഇസ്മായില്‍, കെ. മുസമില്‍ ഹാജി, എ.വി. അബ്ദുഹാജി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എസ്.വി. റഹ്മത്തുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.