ഖുര്‍ആന്‍ പഠനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഖുര്‍ആന്‍ഓണ്‍വെബ്‌.നെറ്റ് പ്രകാശിതമായി

അബൂദാബി : ഖുര്‍ആന്‍ പഠന രംഗത്ത് നൂനത സാങ്കേതിക വശങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് സമഗ്ര ഖുര്‍ആന്‍ പഠന പോര്‍ട്ടലായ  ഖുര്‍ആന്‍ ഓണ്‍ വെബ്‌ ഡോട്ട് നെറ്റ് (quranonweb.net) പ്രകാശിതമായി. കേരളാ വഖഫ് ബോര്‍ഡ്‌ ചെയര്‍മാന്‍ കൂടിയായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേത്രത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സന്നദ്ധ സംഘടനയായ മിഷന്‍സോഫ്റ്റ്‌ ഫൌണ്ടേഷനാണ് ഈ ഉദ്യമത്തിനുപിന്നില്‍. 

സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ സെക്രട്ടറിയായിരുന്ന കെ.വി. മുഹമ്മദ് മുസ്‍ലിയാര്‍ കൂറ്റനാട് രചിച്ച അഞ്ചു വാള്യങ്ങളുള്ള മലയാളത്തിലെ ഫത്ഹുറഹ്മാനും ഉത്തരേന്ത്യയിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ ഉര്‍ദു പരിഭാഷയും അബ്ദുല്‍ മാജിദ് ദരിയാബാദിയുടെ ഇംഗ്ലീഷ് പരിഭാഷയുമാണ്‌ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ലോകപ്രശസ്ത ഖുര്‍ആന്‍ പാരായണ വിദഗ്ദ്ധരായ ഈജിപ്തിലെ അബ്ദുല്‍ ബാസിത്ത് ബിന്‍ അബ്ദുസ്സമദ്, സൗദിയിലെ അബ്ദുറഹ്മാന്‍ അല്‍ ഹുധൈഫി, കുവൈത്തിലെ മിശാരി ബിന്‍ റാഷിദ് അല്‍ആഫാസി എന്നിവരുടെ പാരായണ സൌന്ദര്യവും ആസ്വദിക്കാന്‍ സൈറ്റില്‍ അവസരമുണ്ട്.

ഖുര്‍ആനിലെ വാക്കുകള്‍ ടൈപ്പ് ചെയ്ത് അവയുടെ അധ്യായം, ജൂസ്അ, അര്‍ത്ഥം  എന്നിവ വളരെ എളുപ്പം പണ്ടുപിടിക്കാന്‍ സൈറ്റില്‍ സൗകര്യം ഉണ്ട്. കൂടാതെ ഖുര്‍ആനിലെ  പ്രത്യേക അധ്യായത്തിന്റെ പേര്, സൂക്തം നമ്പര്‍, പേജ് നമ്പര്‍ എന്നിവ നല്‍കിയാല്‍ അവയുടെ പാരായണം ശ്രവിക്കുവാനും വിവിധ ഭാഷയിലുള്ള പരിഭാഷ വായിക്കുവാനും സാധിക്കും. ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ പഠിച്ചെടുക്കാന്‍ പ്രത്യേകം ‘തജ്-വീദ്’ സൌകര്യവും ഒരുക്കിയിട്ടുണ്ട്.

അറായിരത്തിലതികം വരുന്ന സൂക്തങ്ങളുടെ ഓരോന്നും വേര്‍തിരിച്ചുള്ള പരിഭാഷകളുടെ ശബ്ദരേഖ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ പണിപ്പുരയിലാണ് വെബ്സൈറ്റിന്റെ പിന്നണി പ്രവര്‍ത്തകരെന്ന് ചീഫ് പ്രൊജക്റ്റ്‌ കോര്‍ഡിനേറ്റര്‍ ഫൈസല്‍ നിയാസ് ഹുദവി കൊല്ലം പറഞ്ഞു. ഖുര്‍ആനുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങള്‍  ഉള്‍പ്പെടുത്തി ഒരു സമ്പൂര്‍ണ്ണ ഖുര്‍ആനിക് വിജ്ഞാനകോശമാക്കി സൈറ്റിനെ മാറ്റുകയാണ് മിഷന്‍സോഫ്റ്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ മുന്‍നിര ഇസ്‌ലാമിക സൈറ്റുകളില്‍ ഒന്നായ  ഇസ്‌ലാം ഓണ്‍ വെബ്‌ ഡോട്ട് നെറ്റ് (islamonweb.net) ആണ് ഫൌണ്ടേഷന്‍റെ ആദ്യ ഓണ്‍ലൈന്‍ സംരഭം. ഇതിന്റെ കന്നഡ പതിപ്പുകൂടി ഏതാനും ആഴ്ച്കള്‍ക്ക് മുന്‍പ് kannada.islamonweb.net എന്നപേരില്‍ ആരംഭിച്ചിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ആസ്ഥാനമായാണ് ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലും ഗള്‍ഫുരാജ്യങ്ങളിലെ വിവിധയിടങ്ങളിലുമായി  സൈറ്റിന്റെ പ്രകാശന പരിപാടികള്‍ നടന്നു. യു.എ.ഈ തല പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് പ്രമുഖ വാഗ്മി മുസ്തഫ ഹുദവി ആക്കോട് നിര്‍വഹിച്ചു. ഡോ.അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, സാബിര്‍ പി മാട്ടൂല്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ഖാദര്‍ ഒളവട്ടൂര്‍, കബീര്‍ ഹുദവി ഉള്‍പ്പടെയുള്ളവര്‍ സംബന്ധിച്ചു.
- Usam Mubarak