നാദാപുരം സംഭവം സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം : സമസ്ത

കോഴിക്കോട് : നാദാപുരത്തെ അനിഷ്ട സംഭവുമായി ബദ്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം നിരുത്തരവാദപരമാണെന്ന് കോഴിക്കോട് ഇസ്‌ലാമിക് സെന്റെറില്‍ ചേര്‍ന്ന സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളുടെ യോഗം ആരോപിച്ചു. അവിടെയുണ്ടായ ദാരുണമായ കൊലപാതകം ഒരു നിലക്കും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. എന്നാല്‍ അതിന്റെ മറവില്‍ ഗുജറാത്തിലെ കലാപത്തെ ഓര്‍മിപ്പിക്കും വിധമുള്ള നരനായാട്ടാണ് നിരപരാധികള്‍ക്ക് നേരെയുണ്ടായത്. കലാപം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടു പോലും സംസ്ഥാനം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ അവിടെ ഒരു സന്ദര്‍ശനം നടത്താന്‍ പോലും തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദുരിത പൂര്‍ണ്ണവും ഭീതികരവുമായ അവസ്ഥ കേരളത്തിലുണ്ടാവുന്നുവെന്നത് അപമാനകരമാണ്. ഉടന്‍ മുഖ്യമന്ത്രി നാദാപുരത്ത് സന്ദര്‍ശനം നടത്താന്‍ തയ്യാറാകണമെന്നും മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നാദാപുരത്തെ അനിഷ്ട സംഭവങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനു വേണ്ടി സമസ്തയുടെ അന്വേഷണ സംഘം കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാരുടെ നേത്യത്വത്തില്‍ ഇന്ന് പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 
ആര്‍ വി കുട്ടി ഹസന്‍ ദാരിമി അധ്യക്ഷത വഹിച്ചു. എ വി  അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ബാരി ബാഖവി, മുസ്തഫ മുണ്ടുപാറ കെ ന്‍ എസ് മൗലവി, കെ പി കോയ, കെ കെ ഇബ്രാഹീം മുസ്‌ലിയാര്‍, അബ്ദുറസാഖ് ബുസ്താനി, എന്‍ജിനീയര്‍ മാമു കോയ ഹാജി, എ പി പി തങ്ങള്‍ കെ എം കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ടി പി സുബൈര്‍ മാസ്റ്റര്‍, ഇസ്മായില്‍ ഹാജി എടച്ചേരി പ്രസംഗിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതം പറഞ്ഞു.
- SKSSF STATE COMMITTEE