കാല്‍ ലക്ഷം സന്നദ്ധ സേവകര്‍ തീര്‍ത്ത സാഗരമായി വിഖായ റാലി

തൃശൂര്‍ : സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായ് സമര്‍പ്പണ സന്നദ്ധരായ കാല്‍ലക്ഷം വിഖായ വളണ്ടിയര്‍മാര്‍ അണിനിരന്ന വിഖായ റാലി സാംസ്‌കാരിക നഗരിയെ ജനസാഗരമാക്കി. ഇന്നലെ വൈകുന്നേരം മൂന്നുമണിക്ക് നേതാജി സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച വിഖായ വളണ്ടിയര്‍ റാലി കിലോമീറ്ററുകള്‍ താണ്ടി സമര്‍ഖന്ദ് നഗരിയിലെത്തി സമാപിച്ചു.
നേതാജി സ്റ്റേഡിയത്തില്‍ നിന്നുമാരംഭിച്ച റാലി ഒ.എം.എസ് തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇളം നീല ജാക്കറ്റുകളണിഞ്ഞ് സമര്‍ഖന്ദിലേക്കൊഴുകിയ വിഖായ വളണ്ടിയര്‍മാര്‍ തൃശൂരിന് പുതിയ കാഴ്ചയായി. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ അയ്യൂബ് കൂളിമാട്, അബ്ദുറഹീം ചുഴലി, കെ.എന്‍.എസ് മൗലവി, മുസ്ഥഫ അഷ്‌റഫി കക്കുപടി, അഹ്മദ് വാഫി കക്കാട്, റഷീദ് ഫൈസി വെള്ളായിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിഖായ റാലിക്ക് അകമ്പടിയായി കോഴിക്കോട് കൈതപ്പൊഴിയില്‍ നിന്നും സമ്മേളന നഗരിയിലേക്കെത്തിയ പ്രവര്‍ത്തകരുടെ സൈക്കിള്‍ റാലി വേറിട്ട കാഴ്ചയായി.
- skssf silverjubilee