നീതി ബോധത്തിന്റെ നിതാന്ത ജാഗ്രതയോടെ സമര്‍ഖന്ദിലേക്ക്

കാല്‍ നൂറ്റാണ്ടു കാലത്തെ ധര്‍മ്മ നിഷ്ഠമായ പ്രവര്‍ത്തന ശൈലി കൊണ്ട് കേരളത്തിന്റെ പൊതു സമൂഹത്തിന്റെ മനസ്സില്‍ ഇടം നേടിയ എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ്.
വിജ്ഞാനവും, വിനയവും, സേവനവും മുഖമുദ്രയാക്കിയ ഈ കൂട്ടായ്മ കുറഞ്ഞ കാലം കൊണ്ട് ഇളം തലമുറയുടെ ആവേശമാകുകയും, ഭാവിയുടെ പ്രതീക്ഷകള്‍ക്കു ചിറകു മുളപ്പിക്കുകയും ചെയ്തത് വേറിട്ട മുദ്രാവാക്യങ്ങളോടെയും കര്‍മ്മ നിരതമായ പ്രവര്‍ത്തനങ്ങളോടെയുമാണ്. ഈ പ്രവര്‍ത്തനങ്ങളുടെ നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ ഗ്രാന്റ് ഫിനാലെ സംഘടിപ്പിച്ചിരിക്കുന്നത്.
ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ പരിസമാപ്തി കുറിച്ച് കൊണ്ട് ഭ്രാന്തമായ പരിഷ്‌കരണ ക്രമങ്ങള്‍ക്കു പകരം ഇസ്‌ലാമിന്റെ പൈതൃക പരമ്പരകളില്‍ ഉറച്ച് നിന്ന് കാലിക മാറ്റങ്ങളെ സ്വീകരിക്കാന്‍ സമൂഹത്തെ സജ്ജമാക്കുകയും വ്യക്തിയിലും കുടുംബത്തിലും സമൂഹ മണ്ഢലങ്ങളിലും, ഭരണ കൂടങ്ങളിലും, സര്‍വ്വോപരി നീതിയുടെ കാവലാളാവേണ്ട ജുഢീഷ്യല്‍ സംവിധനങ്ങളില്‍ വരെ അന്യം നിന്നു പോവുന്ന സാമൂഹിക ചുറ്റുപാടില്‍ നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. വര്‍ഷം നീണ്ടു നിന്ന വിവിധ സമ്മേളനങ്ങളുടെയും, സെമിനാറുകളുടെയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക സാംസ്‌കാരിക സംഗമങ്ങളുടെയും സമാപനം കുറിച്ച് കൊണ്ടാണ് തൃശൂരിലെ സമര്‍ഖന്ദ്, സമാപനത്തിന് വേദിയാകുന്നത്. വിവിധങ്ങളായ സെഷനുകളില്‍ ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളും സംഘടനാ നേതാക്കളും ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നു. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ നേതൃത്വമായ പാണക്കാട് കുടുംബത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഒരുക്കങ്ങള്‍ നടന്നു വരുന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒണമ്പിള്ളി മുഹമ്മദ് ഫൈസി, ജില്ലാ സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.എ. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സി.എ. മുഹമ്മദ് റഷീദ്, ജനറല്‍ കണ്‍വീനര്‍ കോര്‍ഡിനേറ്റര്‍ ശഹീര്‍ ദേശമംഗലം എന്നിവരാണ് തൃശൂരിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur