സുന്നീകൈരളി നാളെ സമര്‍ഖന്ദിലേക്ക്

തൃശൂര്‍ : ആളും ആരവവുമായി സമര്‍ഖന്ദ് അണിഞ്ഞൊരുങ്ങി. പഠനാര്‍ഹമായ ചര്‍ച്ചകളുമായി ക്യാമ്പ് സജീവം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂവിലി ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെക്ക് സാക്ഷിയായി സുന്നീ കൈരളി നാളെ സാംസ്‌കാരികനഗരിയിലെത്തും. മുസ്‌ലിം കൈരളിയുടെ ആത്മീയ നേതൃത്വമായ സമസ്തയുടെ വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ എസ് കെ എസ് എസ് എഫ് കേരള മുസ്‌ലിംകളുടെ ഊര്‍ജ്ജവും വികാരവുമാണ്. ആ വികാര വായ്പിന്റെ അടയാളുമായി സമര്‍ഖന്ദ് നാളെ നിറഞ്ഞു കവിയുമെന്ന് ഉറപ്പ്. കുടമാറ്റവും ആനച്ചന്തവും കുഴല്‍വാദ്യമേളങ്ങളുമില്ലാതെ ഗഹനമായ ചര്‍ച്ചക്കും ആഴമേറിയ പഠനപ്രബന്ധങ്ങള്‍ക്കും ശേഷം പ്രൗഢമായ ജനസമാഗമത്തിന് നാളെ പുഴക്കല്‍പാടം സാക്ഷിയാകും. കേരളത്തിനു അകത്തും പുറത്തു നിന്നുമായി ജനലക്ഷങ്ങളാണ് നളെ സമര്‍ഖന്ദിലെത്തുക. ഗള്‍ഫ് നാടുകളില്‍ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളിലായി പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. കേരളത്തിലെ ആയിരക്കണക്കിനു മഹല്ലുകളില്‍ നിന്ന് പതിനായിരക്കണക്കിന് വാഹനങ്ങള്‍ പ്രവര്‍ത്തകരെയും കൊണ്ട് സമ്മേളനത്തിനെത്തും.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും പുറംസംസ്ഥാനങ്ങളില്‍ നിന്നുമായി ജനലക്ഷങ്ങളാണ് സമര്‍ഖന്ദില്‍ എത്താനിരിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തൃശൂര്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമ്മേളനമായി സമര്‍ഖന്ദിലെ എസ് കെ എസ് എസ് എഫ് ഗ്രാന്‍ഡ് ഫിനാലെ ചരിത്രമെഴുതും. ഇതിനു മുമ്പ് 1987 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ആതിഥേയത്വം വഹിച്ചപ്പോഴാണ് തൃശൂര്‍ ജനബാഹുല്യം ശരിക്കുമറിഞ്ഞതെങ്കില്‍ അതിനെയും കവച്ചുവെക്കുന്ന രീതിയിലായിരിക്കും സമര്‍ഖന്ദിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക്.

കേരളത്തിലെ ആധികാരിക മതപണ്ഡിതസഭയാണ് സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ. സമസ്തയുടെ വിദ്യാര്‍ഥി വിഭാഗമാണ് എസ് കെ എസ് എസ് എഫ് (സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍). കേരളത്തിലങ്ങോളമിങ്ങോളം എണ്ണമറ്റ യൂണിറ്റുകള്‍ നിലവിലുള്ള പ്രസ്ഥാനത്തിന്റെ അനുയായികള്‍ ഒത്തുചേരുമ്പോള്‍ ചന്തമേറിയ ഒരു പൂരക്കാഴ്ച്ച തന്നെയാവും ഇത് തൃശൂര്‍കാര്‍ക്ക്.
- skssf silverjubilee