സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസംഗം

അസാധാരണമായ ബഹുസ്വരതയും വൈവിധ്യവും നിറഞ്ഞ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ ഇളക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ന് നമ്മുടെ ഭരണവര്‍ഗം. ഭാരതവത്കരണം എന്ന പേരില്‍ ഹൈന്ദവരാഷ്ട്രം സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരാവേണ്ടവര്‍ തന്നെ. അതിന്റെ അന്തസത്തയെ വെല്ലുവിളിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. ഇന്ത്യന്‍ വ്യവസ്ഥക്ക് ഏകഭരണം അടിച്ചേല്‍പ്പിക്കാന്‍ വാശി പിടിക്കുന്നവര്‍ ജനമനസ്സ് വായിക്കുന്നിടത്ത് പരാജയപ്പെട്ടിരിക്കുന്നു. മതാധികാരം അടിച്ചേല്‍പ്പിച്ച് രൂപം കൊണ്ട ഒരു മത രാഷ്ട്രവും ലോകത്ത് വിജയിച്ചിട്ടില്ല. ഇത്തരം രാജ്യങ്ങളില്‍ വികസനത്തിന്റെ ചൂളംവിളികളേക്കാള്‍ സ്‌ഫോടനങ്ങളുടെ നിലക്കാത്ത ശബ്ദമാണ് കേള്‍ക്കുന്നത്. മതേതരഇന്ത്യയെ കാവിവത്കരിക്കാനുള്ള നീക്കത്തെ ജനാധിപത്യമാര്‍ഗത്തിലൂടെ പ്രതിരോധിക്കാന്‍ മതേതരത്വ ശക്തികള്‍ ഐക്യപ്പെടണം. മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും എത്ര ഭദ്രമാണെങ്കിലും അത് ജനജീവിതത്തിന് എന്തു മാത്രം പ്രയോജനപ്രദമാണെന്നുകൂടി വിലയിരുത്തപ്പെടണം. രാജ്യത്തെ ജനാധിപത്യ ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ ഒരേ മാലയില്‍ കോര്‍ത്ത മുത്തുകളെപ്പോലെ ഒന്നിച്ചു നിന്നാല്‍ മാത്രമേ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നമുക്ക് അഭിമുഖീകരിക്കാന്‍ സാധിക്കുകയുള്ളൂ.

കേരളത്തിന്റെ പാരമ്പര്യത്തിന് വിഘാതമുണ്ടാക്കുന്ന വിധം മലയാള നാട്ടിലും വര്‍ഗീയതയുടെ വിഷവിത്തുകള്‍ മുളച്ചു പൊന്തുന്നുവെന്ന ഭീതിതമായ വസ്തുതയുടെ സൂചനകള്‍ അങ്ങിങ്ങ് സമീപകാലത്തായി വന്നു കൊണ്ടിരിക്കുന്നു. നാദാപുരം തൂണേരിയിലെ സംഭവ വികാസങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. എന്തു വില കൊടുത്തും സമുദായ സൗഹൃദം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വര്‍ഗീയ ശക്തികള്‍ക്ക് ഇടം നല്‍കും വിധത്തിലുള്ള നീക്കങ്ങള്‍ കരുതലോടെ കാണേണ്ടതുമുണ്ട്.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദ ഭീകര പ്രസ്ഥാനങ്ങള്‍ തലപൊക്കാന്‍ ശ്രമിക്കുകയാണ്. നിരപരാധികളായ ജനവിഭാഗങ്ങളെ കൊന്നൊടുക്കുകയും തോക്കിനിരയാക്കുകയും ചെയ്യുന്ന ഇവര്‍ എങ്ങനെ മുസ്‌ലിംകളാകും. യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും ഇത്തരം ക്രൂര ചെയ്തികളില്‍ ഏര്‍പ്പെടാനാകില്ല. ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനോ അംഗീകരിക്കാനോ ഒരു വിശ്വാസിക്കുമാകില്ല.

നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് ഫ് സില്‍വര്‍ജൂബിലി ആഘോഷ സമാപന വേളയില്‍ സമൂഹവും സമുദായവും രാഷ്ട്രവും ഭരണകൂടവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും നീതി ബോധം പുലര്‍ത്താന്‍ സന്നദ്ധരാവണമെന്ന് ഞാന്‍ ഉണര്‍ത്തുന്നു.
- skssf silverjubilee