സമര്‍ഖന്ദ് ഇന്ന് പാല്‍ക്കടലാവും

തൃശൂര്‍ : എസ് കെ എസ് എസ് എഫ് ഗ്രാന്റ്ഫിനാലെക്ക് അണിഞ്ഞൊരുങ്ങിയ സമര്‍ഖന്ദിന് വേദിയരുളിയ പുഴക്കല്‍ പാടം ഇന്ന് പാല്‍ക്കടലാവും. ശുഭ്ര വസ്ത്ര ധാരികളായ പ്രവര്‍ത്തകലക്ഷങ്ങള്‍ സംഗമിക്കുന്ന സമാപന സമ്മേളനത്തിന് ഇനി ഏതാനും നാഴികകളുടെ ദൂരം മാത്രം. കേരളത്തിലെ ഇസ്‌ലാമികാഗമനം കൊണ്ട് അനുഗ്രഹീതമായ കൊടുങ്ങല്ലൂരിന്റെ പൈതൃകം പേറുന്ന മണ്ണിലേക്ക് സുന്നികൈരളി ഇന്നൊഴുകിയെത്തും. ഒരു വര്‍ഷക്കാലം നീണ്ടു നിന്ന സില്‍വര്‍ജൂബിലി പരിപാടികളുടെ സമാപന സമ്മേളനമെന്ന രീതിയില്‍ ഏറെ പ്രാധാന്യമുണ്ട് ഇന്നത്തെ മഹാസംഗമത്തിന്. കേരള മുസ്‌ലിംകള്‍ ആരോടൊപ്പമാണെന്ന് വിളിച്ചു പറയുന്ന വേളയാണിത്. സാമൂഹിക സേവന സന്നദ്ധരായ 25000 സന്നദ്ധ ഭടന്മാരെ കൈരളിക്കു സമര്‍പ്പിക്കുന്ന ചടങ്ങില്‍ എസ് കെ എസ് എസ് എഫിന്റെ സാമൂഹിക ബോധത്തെയാണ് വിളിച്ചറിയിക്കുന്നത്. 

ആറു മണിക്കുള്ള മനനം സെഷനോടെ തുടക്കമാവുന്ന സമാപനദിനത്തില്‍, കാരുണ്യം സെഷനില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റയാന്‍ യൂസുഫ് ആസ്‌ത്രേലിയ മുഖ്യാധിതിയും അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ പ്രമേയപ്രഭാഷണം നടത്തും. ഇതേ സെഷനില്‍ പ്രവാസി ഭാരതപുരസ്‌കാരജേതാവ് അശ്‌റഫ് താമരശ്ശേരിയെ ആദരിക്കും.

തുടര്‍ന്നു നടക്കുന്ന പ്രവാസം സെഷനില്‍ പ്ത്മശ്രീ അഡ്വ സികെ മേനോന്‍ മുഖ്യാതിഥിയുംം നഗരവികസന മന്ത്രി ശ്രീ മഞ്ഞളാം കുഴി അലി ഉദ്ഘാടന കര്‍മവും നിര്‍വഹിക്കും. ഫാമിലി ബജറ്റും റിമോട്ട് പാരന്റിംഗും എന്ന വിശയത്തില്‍ എസ് വി മുഹമ്മദലി ക്ലാസെടുക്കും. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹത്തിനു സമര്‍പ്പിക്കുന്ന 25000 സന്നദ്ധ സേവകര്‍ അണി നിരക്കുന്ന വിഖായ വളണ്ടിയേഴ്‌സ് നേതാജി സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് സമര്‍ഖന്ദ് ഗ്രാന്‍ഡ് ഫിനാലെ സമ്മേളന നഗരിയിലെത്തി സമാപിക്കും. 

രാത്രി ഏഴിന് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം കെ എ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്ന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹഭാഷണം നടത്തും. സാമൂഹ്യ സേവന സന്നദ്ധരായ 25000 വളണ്ടിയേഴ്‌സിനെ കൈരളിക്ക് സമര്‍പ്പിക്കുന്ന ലോഞ്ചിംഗ് കര്‍മ്മം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. വ്യവസായ വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടി, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഇ അഹ്മദ് എം പി, സഹകരണവകുപ്പു മന്ത്രി സി എം ബാലകൃഷ്ണന്‍ എന്നിവര്‍ സമാപനത്തിനെത്തുന്ന ജനലക്ഷങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. എപി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ബാഅലവി, ഇപി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എ മരക്കാര്‍ മുസ്‌ലിയാര്‍ വാണയന്നൂര്‍, പി കുഞ്ഞാണി മു്‌സ്‌ലിയാര്‍, എം പി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, വി മൂസക്കോയ മുസ്‌ലിയാര്‍, എം എ ഖാസ്വിം മുസ്‌ലിയാര്‍, ഇബ്രാഹീം മുസ്‌ലിയാര്‍ ചൊക്ലി, പിപി ഇപ്പ മുസ്‌ലിയാര്‍, കെ പി എ മജീദ്, മോയിമോന്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുറഹ്മാന്‍ കല്ലായി, പിഎ സൈദു മുഹമ്മദ് ഹാജി, ഇപി മൂസക്കുട്ടി ഹാജി എന്നിവര്‍ വേദിയെ അലങ്കരിക്കും. തുടര്‍ന്നു നടക്കുന്ന സമാപന പ്രാര്‍ത്ഥനാ സംഗമത്തിന് ശേഷം അയ്യൂബ് കൂളിമാട് നന്ദി പ്രകാശിപ്പിക്കും.
- skssf silverjubilee