തൃശൂര്‍ : ഒരു യുവാവിന്റെ കൊലപാതകത്തിലൂടെ വീണ്ടും നാദാപുരത്ത് അശാന്തി പടര്‍ത്തുകയും അക്രമങ്ങളില്‍ ഉദ്യോഗസ്ഥര്‍ മൗനം ദീക്ഷിക്കുകയും ചെയ്ത നടപടിയെ എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പ്രമേയം അപലപിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു. നാദാപുരത്തുണ്ടായ കവര്‍ച്ചയും അക്രമങ്ങളും പോലീസ് സാന്നിധ്യത്തിലാണ് നടന്നിട്ടുള്ളത്. നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ പോലും മതസ്പര്‍ധ ആരോപിച്ചും ഗുണ്ടാആക്ട് ചുമത്തിയും കേസെടുക്കുന്നത് പതിവായ നാദാപുരത്തെ ഉദ്യോഗസ്ഥ നടപടിയെയാണ് സമ്മേളനം അപലപിച്ചത്. മുസ്‌ലിം സമുദായത്തെ സാമ്പത്തികമായി തകര്‍ത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ വേണ്ടി ഒന്നരപതിറ്റാണ്ട് കാലമായി നാദാപുരം കേന്ദ്രീകരിച്ച് നടക്കുന്ന ഭരണകൂടഗൂഢാലോചന പുറത്ത് കണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമന്ന് എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ സമ്മേളനം ആവശ്യപ്പെട്ടു. കാലങ്ങളായി ഒരു സംഘര്‍ഷ ബാധിത പ്രദേശമായാണ് നാദാപുരം പരിചയപ്പെടുത്തപ്പെടുന്നത്. മതസ്പര്‍ധ സൃഷ്ടിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ ഏറ്റവും കൂടൂതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രദേശം കൂടിയാണിത്. ഇത്തരം വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന നിഗൂഢമായ അജണ്ടകള്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് നടപ്പിലാക്കപ്പെടുന്നതെന്നും പ്രമേയം സംശയം പ്രകടിപ്പിച്ചു. പ്രശ്‌നത്തെ പരിഹരിക്കാന്‍ ഇപ്പോഴത്തെ പോലീസ് സംവിധാനം പൊളിച്ചെഴുതുന്നതുള്‍പ്പടെയുള്ള നടപടികളിലൂടെ പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
- skssf silverjubilee