SKSSF സില്‍വര്‍ ജൂബിലി; കൊടിമര പതാക ജാഥകള്‍ നാളെ (ബുധന്‍)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ നടക്കുന്ന തൃശൂര്‍ സമര്‍ഖന്ദില്‍ സ്ഥാപിക്കാനുള്ള കൊടിമരവും പതാകയും വഹിച്ചു കൊണ്ടുള്ള ജാഥകള്‍  നാളെ (ബുധന്‍) ആരംഭിക്കും. കൊടിമര ജാഥ കാലത്ത് ഒന്‍പത് മണിക്ക് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ വെച്ച് എസ് കെ എസ് എസ് എഫ് സ്ഥാപക പ്രസിഡന്റ് അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് ജാഥാ ക്യാപ്റ്റന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് കൊടിമരം നല്‍കി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഢിത നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. കെ.കെ.എസ് തങ്ങള്‍, എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സലീം എടക്കര എന്നിവരുടെ നേതൃത്വത്തില്‍ ജാഥ മമ്പുറം, പുതുപ്പറമ്പ്, എടപ്പാള്‍, പൊന്നാനി, വെളിയങ്കോട്  എന്നിവിടങ്ങളിലെ മഖ്ബറ സിയാറത്തിന് ശേഷം സമര്‍ഖന്ദിലേക്ക് തിരിക്കും. സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മക്കയില്‍ നിന്ന് പതാക വഹിച്ചു വരുന്ന സംഘം സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചക്ക് 1 മണിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സ്വീകരിക്കും. പാണക്കാട് മഖാം സിയാറത്തിന് ശേഷം ഇരു ജാഥകളെയും തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ അണ്ടത്തോട് വെച്ച് ജില്ലാ സ്വാഗത സംഘം ഭാരവാഹികള്‍ നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സമ്മേളന നഗരിയിലെ സമര്‍ഖന്ദിലേക്ക് ആനയിക്കും.
- SKSSF STATE COMMITTEE