ചിന്തകളുടെ ചിറക് വിരിച്ച് സമര്‍ഖന്ദ് പ്രതിനിധി ക്യാമ്പിന് തുടക്കം

സമര്‍ഖന്ദ് : ചിന്തകള്‍, വിചിന്തനങ്ങള്‍, കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍.... വൈവിധ്യങ്ങളുടെ നിറക്കൂട്ടുകളൊരുക്കി സമര്‍ഖന്ദിന്റെ തിരുമുറ്റത്ത് പ്രതിനിധി ക്യാമ്പിന് തിരശ്ശീല ഉയര്‍ന്നു. കാലത്തിന്റെ ഇതളുകളില്‍ ഇസ്‌ലാമിക പൈതൃകത്തിന്റെ പൂമ്പൊടി വിതറിയ സമര്‍ഖന്ദിന്റെ തിരുസ്മരണകളുടെ തണലില്‍ ഇനി വിജ്ഞാനത്തിന്റെ കുളിര്‍കാറ്റ് വീശും. ചിന്തോദ്ദീപകമായ വൈവിധ്യ സെഷനുകളാല്‍ സമ്പന്നമാകുന്ന കാമ്പില്‍ പങ്കാളികളാവാന്‍ പതിനായിരങ്ങള്‍ സമര്‍ഖന്ദിലെത്തിക്കഴിഞ്ഞു. 
ഭാസുരമായ ഭാവിയുടെ നിറസാക്ഷാല്‍കാരത്തിനായി വര്‍ത്തമാന യുവതലമുറയെ പാകപ്പെടുത്തിയെടുക്കുന്നതിനുള്ള വിഭിന്ന പരിപാടികളാണ് ക്യാമ്പില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മതമൂല്യങ്ങളുടെ വഴിത്താരയില്‍ പ്രബുദ്ധമായ ഒരു തലമുറയുടെ പിറവിക്കായി സമര്‍ഖന്ദ് അക്ഷരങ്ങള്‍ കുറിച്ചുകഴിഞ്ഞു. വിലയേറിയ കാഴ്ചകളും കാഴ്ചപ്പാടുകളും മനസ്സിന്റെ അകക്കണ്ണുകള്‍ക്ക് പകര്‍ന്നായിരിക്കും പ്രധിനിതി ക്യാമ്പിനു തിരശ്ശീല വീഴുക.

കനല്‍ പഥങ്ങള്‍ കടന്ന് നവോത്ഥാനത്തിന്റെ തീരത്തേക്ക് ജൈത്രയാത്ര നടത്തിയ എസ് കെ എസ് എസ് എഫിന്റെ പഴയകാലത്തെ സ്മരിക്കുന്ന 'ചരിത്രം' സെഷന്‍, വിദ്യഭ്യാസ ചിന്തകളുടെ വെട്ടം പരത്തി 'വെളിച്ചം', ജീവിത മൂല്യങ്ങളുടെ പകര്‍ന്നെഴുത്തുമായി 'സംസ്‌കാരികം', പൈതൃകത്തിന്റെ വഴി കാണിച്ച് 'ആദര്‍ശം' തുടങ്ങി വിഭിന്നങ്ങളായ സെഷനുകളാണ് ക്യാമ്പിന് മിഴിവേകുന്നത്. പൂര്‍ണ്ണസൗകര്യങ്ങളുറപ്പു വരുത്തി മുപ്പതോളം മെന്റര്‍മാരുടെ നിറസാന്നിധ്യം ക്യാമ്പിനകത്ത് ശ്രദ്ധേയമാണ്.

വിലമതിക്കാത്ത വിജ്ഞാനത്തിന്റെ അനുഭവാവിഷ്‌കാരങ്ങള്‍ തേടി പതിനായിരങ്ങളാണ് സമര്‍ഖന്ദിന്റെ ചരിത്രമൈതാനിയിലെത്തിയിട്ടുള്ളത്. വിവിധ മേഖലകളില്‍ ഖ്യാതിയുടെ കയ്യൊപ്പ് പതിപ്പിച്ച പ്രശസ്ത വ്യക്തിത്വങ്ങള്‍ കാമ്പിന്റെ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നു. നീതി ബോധത്തിന്റെ വഴിത്താരയില്‍ നിതാന്ത ജാഗ്രതയോടെ മുന്നേറാന്‍ മുസ്‌ലിം കൈരളിക്ക് ഊര്‍ജ്ജം പകരുകയാണ് സംസ്‌കാരിക നഗരത്തിലെ സമര്‍ഖന്ദ് നഗരി.
- skssf silverjubilee