വര്‍ഗീയതയെ ദേശീയത കൊണ്ടാണ് നേരിടേണ്ടത് : രാം പുനിയാനി

സമര്‍ഖന്ദ് : മതതീവ്രവാദവും വര്‍ഗീയതയും രാജ്യത്തിനു മുന്നില്‍ വലിയ വെല്ലുവിളികളായി നിലനില്‍ക്കുമ്പോള്‍ ദേശീയതയിലൂടെ വര്‍ഗീയതക്ക് തടയിടാന്‍ നമുക്ക് സാധിക്കണമെന്ന് പ്രമുഖ എഴുത്തുകാരന്‍ രാം പുനിയാനി. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പഠന ക്യാമ്പില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലത്ത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയടക്കമുള്ള നേതാക്കളുടെ കീഴില്‍ ജാതി-മത-വര്‍ഗ ഭേദമന്യേ ജനങ്ങള്‍ അണിനിരക്കാന്‍ തയ്യാറായത് അവരുടെ ദേശീയതാബോധം കൊണ്ടുമാത്രമായിരുന്നു. രാജ്യത്തെ മുസ്‌ലിംകള്‍ ഇന്ന് ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യധാരയില്‍ നിന്ന് അവരെ അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഏറെ അപകടരമാണ്. എല്ലാവര്‍ക്കുമെന്ന പോലെ രാജ്യത്തെ മുസ്‌ലിംകള്‍ക്കും തുല്യവകാശങ്ങളുണ്ട്. ഇന്ത്യയില്‍ ആദ്യമായി മലബാര്‍ തീരത്തെത്തിയ ഇസ്‌ലാം സമാധാന പൂര്‍ണമായാണ് പ്രചരിച്ചത്. രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളെല്ലാം സഹിഷ്ണുതയിലധിഷ്ടിതമായ ഭരണമായിരുന്നു കാഴ്ചവെച്ചത്. 

മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കലര്‍ത്താന്‍ ചിലര്‍ മുന്നിട്ടറങ്ങിയതാണ് ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളുടെ മൂലകാരണം. മതവുമായി പുലബന്ധം പുലര്‍ത്താത്തവര്‍ പോലും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഏറെ പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
- skssf silverjubilee