ശുഭ്ര സാഗരം തീര്‍ത്ത് സമര്‍ഖന്ദ്

തൃശൂര്‍ : സംസ്‌കൃതിയുടെ തലസ്ഥാന നഗരിയില്‍ പാല്‍കടല്‍ തീര്‍ത്ത് സമര്‍ഖന്ദ്. ത്രിവര്‍ണ്ണ പതാകയുടെ വര്‍ണപ്പകിട്ടുകള്‍ മാനത്ത് മഴവില്ലായി വിരിഞ്ഞപ്പോള്‍ താഴെ സമര്‍ഖന്ദിന്റെ തിരുമുറ്റത്ത് മുസ്‌ലിം കൈരളി സാഗരമായി ഒഴുകിയെത്തി. തക്ബീര്‍ ധ്വനികളുടെ അലയൊലികള്‍ ശബ്ദവസന്തം പൊഴിച്ച നഗരിയുടെ മണ്ണില്‍ ജനലക്ഷങ്ങള്‍ പുതിയ ചരിത്ര നിര്‍മിതിയില്‍ പങ്കാളികളായി. മലയാളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളുറങ്ങുന്ന തൃശൂരിന്റെ ഗതകാല സ്മരണകളിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി സമര്‍ഖന്ദ് തുന്നിച്ചേര്‍ത്തിരിക്കുകയാണ്.

നാലു് ദിവസം നീണ്ടുനിന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ സമാപന സമ്മേളനത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഗമത്തിന് തൃശൂര്‍ സാക്ഷ്യം വഹിച്ചത്. പ്രബുദ്ധമായ വിദ്യാര്‍ത്ഥി തലമുറയുടെ ജൈത്രയാത്രയുടെ വിളംബരമുണര്‍ന്ന സമര്‍ഖന്ദ് നഗരിയില്‍ സംഗമിക്കാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. സമാപന ദിവസമായ ഞായറാഴ്ച രാവിലെയോടെത്തന്നെ വാഹനപ്രവാഹം കൊണ്ട് നഗരി വീര്‍പ്പുമുട്ടി.

സമര്‍ഖന്ദ് ചരിത്രത്തിന്റെ ഭാഗമാകാന്‍ തൃശൂരിലേക്ക് വ്യത്യസ്ത വിധേനെയാണ് പ്രവര്‍ത്തകരെത്തിയത്. കോഴിക്കോട് അടിവാരത്തില്‍ നിന്നും സമ്മേളന നഗരിവരെ സൈക്കിള്‍ മാര്‍ഗം വഴിയും മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കാല്‍നടമാര്‍ഗവും സമര്‍ഖന്ദിലേക്ക് പ്രവര്‍ത്തകരെത്തി. ഉച്ചയോടെ ഗതാഗതം സ്തംഭിച്ച നഗരത്തെ ഇളക്കി മറിച്ച് കാല്‍ലക്ഷം പേര്‍ അണിനിരന്ന വിഖായ വളണ്ടിയര്‍ മാര്‍ച്ചും അരങ്ങേറി. അന്‍പതേക്കര്‍ വിസ്തൃതിയുള്ള വിശാലമായ നഗരിയെ വാരപ്പുണരാന്‍ കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാന്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. നവോത്ഥാന പദത്തില്‍ കാല്‍ നൂറ്റാണ്ടിന്റെ നിര്‍ണായക സാന്നിധ്യം വഹിച്ച എസ് കെ എസ് എസ് എഫി ന്റെ സംഘ ശക്തിയുടെ നിറസാന്നിധ്യമായി സമര്‍ഖന്ദ് പ്രോജ്ജ്വലിച്ചു നിന്നു.
- skssf silverjubilee