കടന്നുവരൂ... സമര്‍ഖന്ദ് മാടി വിളിക്കുന്നു

തൃശൂര്‍ : കേരളത്തിന്റെ സാംസ്‌കാരിക നഗരിയില്‍ ചരിത്ര പ്രസിദ്ധമായ സമര്‍ഖന്ദിനെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളാണ്. വിദൂരദിക്കുകളില്‍ നിന്ന്പ്രതീക്ഷകളോടെ സമര്‍ഖന്ദിലേക്കു കടന്നു വരുന്നവരെ പ്രൗഢിയോടെ സ്വീകരിക്കുകയാണ് സമര്‍ഖന്ദിലെ ചരിത്രപ്രസിദ്ധമായ പള്ളിയെ അനുസ്മരിപ്പിക്കുന്ന കവാടം. വരുന്നവര്‍ വരുന്നവര്‍ മൊബൈലില്‍ പകര്‍ത്താനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ഇവിടെ തിരക്കു കൂട്ടുന്നു. തൃശൂരുകാരുടെ അകം നിറഞ്ഞ പിന്തുണയും സഹകരണവും ഒപ്പം അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമുള്ള അഭിപ്രായങ്ങളും പ്രതീക്ഷകളും ഇവിടേക്കുള്ള വഴിദ്ധ്യേ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരോ കേള്‍ക്കാത്തവരോ ഉണ്ടാകില്ല. എന്തു സംശയങ്ങള്‍ക്കും ഉടനടി ഉത്തരം നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്, വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ പങ്കുവെക്കാനും സംശയം തീര്‍ക്കാനും മറ്റുമായി ട്രെന്റ് കിയോസ്‌ക്, കാമ്പസ് വിംഗ് കിയോസ്‌ക്, 5000 പേരെ നെഞ്ചേറ്റാന്‍ ഹൈടെക് സംവിധാനമുള്ള ക്യാമ്പ്ഹാള്‍, പാരന്റിംഗിനെക്കുറിച്ചുള്ള സ്‌ട്രെയ്റ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റ പാരന്റിംഗ് എക്‌സിബിഷന്‍, പതിനായിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന ഭക്ഷണഹാള്‍.. എല്ലാം സമര്‍ഖന്ദിന്റെ പ്രത്യേകതകളാണ്. ഒന്നുമല്ലാതെ കിടന്നിരുന്ന തൃശൂരിലെ പുഴക്കല്‍പാടം ഇപ്പോള്‍ സജ്ജീവമാണ്. ക്യാമ്പു പ്രതിനിധികളും വളണ്ടിയര്‍മാരും ചേര്‍ന്ന് ഇവിടെ പുതിയൊരു സാമ്രാജ്യം തീര്‍ക്കുന്നു. ഇന്ന് സമര്‍ഖന്ദ് അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യസാഗരമാകും. കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് പേര്‍ സമര്‍ഖന്ദിലേക്കൊഴുകും. തൃശൂര്‍ പുതിയൊരു ചരിത്രത്തിനു സാക്ഷിയാകും. 25000 വിഖായ സന്നദ്ധസേനയെ സമൂഹത്തിനു സമര്‍പ്പിക്കുന്നതോടെ കേരളത്തിന്റെ മണ്ണ് പുതിയൊരു ചരിത്രചുവടുവെപ്പിനായിരിക്കും കണ്ണു തുറക്കുക.
- skssf silverjubilee