സംസ്‌കൃതിയുടെ തൃശൂരിന് സമര്‍ഖന്ദ് പകരുന്നു.... അനുഭവങ്ങളുടെ പുതിയ പാഠങ്ങള്‍

തൃശൂര്‍ : മിഴിയടയാത്ത രാത്രികള്‍, ശബ്ദവസന്തത്തിന്റെ പകലുകള്‍, അറിവിന്റെ നിലാവ് പൂത്ത സമര്‍ഖന്ദ് ചരിത്രമെഴുതുകയാണ്. കേരളത്തിന്റെ സംസ്‌കാരിക നഗരത്തിന്റെ തിരുനെറ്റിയില്‍ നവ്യാനുഭവങ്ങളുടെ പുതുവസന്തങ്ങള്‍ വിരിയുമ്പോള്‍ തൃശൂര്‍കാര്‍ക്ക് ഇത് അപൂര്‍വക്കാഴ്ച.

'1986ല്‍ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍ ഇവിടെ സന്ദര്‍ശിച്ചതിന് ശേഷം ഇതുപോലെയുള്ള ജനസംഗമം ആദ്യമായിട്ടാണ്. സര്‍വ സജ്ജീകരങ്ങളുടെ പരിപൂര്‍ണ ലഭ്യത കൈവരിച്ച സമര്‍ഖന്ദ് നഗരിയിലേക്ക് തൃശൂരിന്റെ കണ്ണും കാതും ഒഴുകിയെത്തിയിട്ടുണ്ട്'. നവ്യാനുഭവത്തിന്റെ നനവുമായി പ്രശസ്ത ഫോട്ടോഗ്രാഫറായ തൃശൂര്‍ സ്വദേശി ജ്യോതിപ്രകാശ് പറഞ്ഞിതിങ്ങനെ.

സംസ്‌കാരിക പൈതൃകങ്ങളുടെ പോറ്റുഭൂമിയായ തൃശൂരിന്റെ മണ്ണില്‍ മറ്റൊരു സംസ്‌കാരിക നിര്‍മിതിക്ക് സമര്‍ഖന്ദ് ശില പാകിക്കഴിഞ്ഞു. അക്ഷരങ്ങളുടെ സുഗന്ധം പരത്തുന്ന സാഹിത്യ അക്കാദമിയും ലളിതകലാ അക്കാദമിയും സംസ്‌കൃതിയുടെ ചേലണിഞ്ഞ മണ്ണാണ് തൃശൂര്‍. പ്രതാപത്തിന്റെ മായാത്ത മുദ്രകള്‍ പതിഞ്ഞ കൊടുങ്ങല്ലൂരും പാഴയൂരും ഈ നാടിന്റെ പഴയകാല ഓര്‍മകള്‍ക്ക് പ്രൗഢി പകരുന്നു. ഇസ്‌ലാമും ക്രിസ്ത്യാനിസവും കടല്‍ കടന്നെത്തിയപ്പോള്‍ കൈ നീട്ടി സ്വീകരിച്ച പാരമ്പര്യം തൃശൂര്‍കാരുടെ മനസ്സില്‍ നിന്നും മായാതെ കിടപ്പുണ്ട്. സമ്മേളന നഗരിയായ പുഴക്കല്‍ പാടത്തെ 50 ഏക്കര്‍ ഭൂമി നല്‍കിയത് ഇതര മതസ്തരാണ്.

മതസൗഹാര്‍ദത്തിന്റ നിറസാക്ഷ്യം നഗരിയിലുടനീളം പ്രകടമാണ്. മുസ്‌ലിം കൈരളി തൃശൂരില്‍ അതിഥികളാവുമ്പോള്‍ ആതിഥേയരാണ് ഞങ്ങളെന്ന് തൃശൂര്‍ അതിരൂപത ബിഷപ്പ് റാഫേല്‍ തട്ടില്‍ പങ്കുവെച്ചു. ജനലക്ഷങ്ങള്‍ സാക്ഷിയാകുന്ന സമര്‍ഖന്ദിലെത്തുന്നവര്‍ക്ക് വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങൊളൊരുക്കി മാതാ അമൃതാനന്ദമയി വിദ്യാലയവും രംഗത്തുണ്ട്.
- skssf silverjubilee