നാദാപുരം; ഇരകള്‍ക്ക് മാനുഷിക പരിഗണന നല്‍കണം : സുന്നീ ബാലവേദി

ചേളാരി : രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ഇരകളായി ജീവിതം വഴിമുട്ടി നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മനുഷ്യരാണ് എന്ന പരിഗണയെങ്കിലും നല്‍കണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശൃപ്പെട്ടു. നാദാപുരം സന്ദര്‍ശിച്ച എല്ലാവരും ഒരേ സ്വരത്തില്‍ നാദാപുരത്തിന്റെ അവസ്ഥ വിവരിക്കുമ്പോള്‍ കണ്ടില്ല എന്ന് നടിക്കുന്ന അധികാരി വര്‍ഗ്ഗത്തിന്റെ നിലപാടില്‍ സമിതി ആശങ്ക പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ അടക്കം ഭാവി അനിശ്ചിതത്വത്തിലാകും വിധമാണ് നശീകരണങ്ങള്‍ നടന്നത്. മതേതര മതനിരപക്ഷ പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുന്ന കേരളത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ ഇന്ത്യയുടെ ഭരണ സഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ഭാവി കടുത്ത പ്രതിസന്ധിയിലേക്കാണ് പോവുന്നതെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഇനിയും അവസരം ഒരുക്കിയാല്‍ ഇവ മുതലെടുക്കുവാന്‍ കാത്തിരിക്കുന്നവര്‍ക്ക് വഴി എളുപ്പമാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ഷഫീഖ് മണ്ണഞ്ചേരി, സാജിര്‍ കൂരിയാട്, സൈനുദ്ദീന്‍ ഒളവട്ടൂര്‍, സുഫിയാന്‍ ചെറുകര, അഫ്‌സല്‍ രാമന്തളി, അനസ് മാരായമംഗലം, ശമീര്‍ ചെര്‍ക്കള, ബാദ്ഷ കൊല്ലം, ഷമീര്‍ വടകര, അമീന്‍ തിരുവനന്തപുരം സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen