ഒരു വിശ്വാസിയുടെ പ്രഥമ പരിഗണന മതത്തിന്റെ പരിരക്ഷയാവണം
1980-89 കേരള മുസ്‌ലിംകള്‍ അനുഭവിച്ച പീഡനങ്ങള്‍ നവതലമുറകള്‍ക്ക് അധികമറിയണമെന്നില്ല. മുസ്‌ലിം സമൂഹത്തിന്റെ മതവ്യവഹാരങ്ങള്‍ നിര്‍വഹിച്ചുവന്നിരുന്ന മഹല്ല് തലങ്ങളില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവന്നത് ഈ കാലഘട്ടത്തിലാണ്.
ഹിജ്‌റ 22, എ.ഡി 646ലാണ് കേരളത്തില്‍ പ്രഥമ മഹല്ലും പള്ളിയും സ്ഥാപിതമാവുന്നത്. (കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമുഅത്ത് പള്ളി) പിന്നീട് മുസ്‌ലിം സാംസ്‌കാരിക കൈമാറ്റത്തിന്റെ താവളങ്ങളായി മഹല്ലുകള്‍ രൂപപ്പെട്ടു. പ്രാമാണിക പണ്ഡിതരും പ്രമുഖ നേതാക്കളും ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്.
മഖ്ദൂം പണ്ഡിതര്‍, ഖാജാ ഖാസിം, ഖാജാ അംമ്പര്‍, ഖാളി മുഹമ്മദ്, മമ്പുറം തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാളി, വരക്കല്‍ തങ്ങള്‍, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ തുടങ്ങിയ സാത്വികരുടെ നായകത്വത്തില്‍ രൂപപ്പെട്ടുവരികയും വികസിക്കുകകയും ചെയ്ത മഹല്ല് തലം പിന്നീട് ചിലര്‍ പരസ്പരം പോര്‍വിളികളുടെ
കേന്ദ്രങ്ങളാക്കി രൂപപ്പെടുത്തി.
സമസ്ത
മഖ്ദൂം പണ്ഡിതര്‍, ഖാജാ ഖാസിം, ഖാജാ അംമ്പര്‍, ഖാളി മുഹമ്മദ്, മമ്പുറം തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാളി, വരക്കല്‍ തങ്ങള്‍, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ തുടങ്ങിയ സാത്വികരുടെ നായകത്വത്തില്‍ രൂപപ്പെട്ടുവരികയും വികസിക്കുകകയും ചെയ്ത മഹല്ല് തലം പിന്നീട് ചിലര്‍ പരസ്പരം പോര്‍വിളികളുടെ
കേന്ദ്രങ്ങളാക്കി രൂപപ്പെടുത്തി.
സമസ്ത
സംസ്ഥാനത്ത് 5800 ഓളം മഹല്ല് ജമാഅത്തുകളും പതിനായിരത്തോളം മദ്രസകളുമാണുള്ളത്. ഇതില്‍ മഹാഭൂരിപക്ഷവും നിയന്ത്രിച്ചുവരുന്നത് സമസ്തയാണ്. ഭൗതിക കാര്യങ്ങളില്‍ കൈകടത്താതെ മതകാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്തുവന്നിരുന്ന രീതി. വിശ്വാസ, കര്‍മകാര്യങ്ങളില്‍ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചിരുന്നുവെങ്കിലും വ്യാപക സംഘര്‍ഷാവസ്ഥ പ്രാപിച്ചിരുന്നില്ല.
സമസ്ത കേരള സുന്നി യുവജനസംഘം രാഷ്ട്രീയ സംഘടനയായി പരിവര്‍ത്തിപ്പിക്കണമെന്ന ഒരാശയം സമസ്ത മുശാവറക്ക് മുമ്പില്‍ 1979ല്‍ ചര്‍ച്ചക്കു വന്നത് ചില പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്.
ഒന്ന്: 1967 മുതല്‍ കേരളത്തിലെ ഭരണരംഗത്ത് മുസ്‌ലിംലീഗ് പങ്കുവഹിച്ചുവന്നു. മുസ്‌ലിംലീഗ് പ്രധാനമായും കൈകാര്യം ചെയ്തുവന്നത് വിദ്യാഭ്യാസ വകുപ്പാണ്. ഈ വകുപ്പ് ഉപയോഗപ്പെടുത്തി മുസ്‌ലിംലീഗ് സുന്നിയേതര വിഭാഗങ്ങള്‍ക്ക് അമിതവും, അനര്‍ഹവുമായ സൗകര്യങ്ങള്‍ നല്‍കുന്നു. എന്നാല്‍ സുന്നികളെ അപ്പാടെ അവഗണിക്കുന്നു.
രണ്ട്: മുസ്‌ലിംലീഗിന്റെ മുഖപത്രത്തിലൂടെ പുത്തന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. സുന്നി ആദര്‍ശങ്ങളും, നേതാക്കളും അവഹേളിക്കപ്പെടുന്നു. ഈ സാഹചര്യത്തിലൊരു ബദല്‍-അഥവാ രാഷ്ട്രീയ രംഗത്ത് ഇടപെട്ടു അധികാരത്തിലെത്തുക, പത്രം തുടങ്ങി ആദര്‍ശരംഗം ബലപ്പെടുത്തുക. ഇതായിരുന്നു കോഴിക്കോട് ജില്ലയില്‍നിന്നുള്ള നിവേദനത്തിന്റെ കാതല്‍.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഈ നീക്കം നിരാകരിച്ചു. സമസ്തയുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലന്നും പ്രത്യേക രാഷ്ട്രീയ പക്ഷമോ, വിരോധമോ ഇല്ലെന്നും പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ ചില നീക്കങ്ങള്‍ക്കൊടുവില്‍ നാല്‍പതംഗ മുശാവറയില്‍നന്ന് ആറുപേര്‍ ചേര്‍ന്ന് ഒരു ബദല്‍ സംഘടന രൂപീകരിച്ചു.
രാഷ്ട്രീയപക്ഷം ചേര്‍ന്നു നടത്തിയ പ്രഖ്യാപനങ്ങളും നീക്കങ്ങളും മതരംഗത്ത് വലിയ വിള്ളലുകള്‍ ഉണ്ടാക്കി. ഏകദേശം 720 മദ്രസകളില്‍ പ്രശ്‌നങ്ങളുണ്ടായി. 266 മദ്രസകള്‍ക്ക് നടുവില്‍ ചുവര്‍ വച്ച് വിഭജിച്ചു. കുട്ടികളെയും രക്ഷിതാക്കളെയും ശത്രുക്കളാക്കി 168 ജുമുഅത്ത് പള്ളികളില്‍ കോലാഹലം ഉണ്ടാക്കി. ഇതില്‍ 63 പള്ളികള്‍ വിഘടനവാദികള്‍ കൈയടക്കി. ബാക്കിയുള്ളത് രണ്ടുംകെട്ട നിലയില്‍ നിലനിര്‍ത്തി. മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോര്‍ട്ട് വരെയായി ഇരുന്നൂറിലധികം കേസുകള്‍ ഫയല്‍ ചെയ്തു. വഖഫ് ബോര്‍ഡിലും വന്നു നൂറിലധികം കേസുകള്‍. ഇതിനെല്ലാം പുറമെ ആയിരക്കണക്കായി ക്രിമിനല്‍ കേസുകളുണ്ടായി.
വയനാട്ടിലെ വാരാമ്പറ്റയിലെ ആത്തിലന്‍ അന്ത്രു ഉള്‍പ്പെടെ കാല്‍ഡസന്‍ കൊലപാതകങ്ങളുണ്ടായി. കുറ്റിമൂച്ചി ഉള്‍പ്പെടെ അരഡസനോളം പള്ളി മദ്‌റസകള്‍ പൂട്ടി. ഇതില്‍ പലതും ഇത് വരെ തുറന്നിട്ടില്ല. ചിലതരിച്ചു നശിച്ചു. അത്യാസന്ന നിലയില്‍ ആസ്പത്രിയില്‍ കിടക്കുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബിനുവേണ്ടി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞതിന് നിരവധി പള്ളികളില്‍ വെള്ളിയാഴ്ച വമ്പിച്ച കോലാഹലങ്ങള്‍ അരങ്ങേറി, അടി നടന്നു.
സാമ്പത്തിക രംഗത്തും പ്രമാദമായ നിരവധി മോശം പ്രവണതകള്‍ വളര്‍ന്നുവന്നു. മതസ്ഥാപനം പണയപ്പെടുത്തി. പലിശക്ക് പണമെടുത്തു. മെഡിക്കല്‍ കോളജ് ഉണ്ടാക്കാന്‍ ഷെയര്‍ എടുത്തു. പിന്നീടത് തകര്‍ന്നു. സമുദായ ദ്രുവീകരണാര്‍ത്ഥം മുസ്‌ലിം ഗ്രാമങ്ങളില്‍ വ്യാപകമായ വിധം സ്ഥാപനങ്ങളുണ്ടാക്കി.
കേരളത്തില്‍ ഇങ്ങനെ ഏകദേശം ഇരുന്നൂറിലധികം സ്ഥാപനങ്ങള്‍ ഉണ്ടാക്കി. അതില്‍ പലതും നാമമാത്ര കുട്ടികള്‍ പഠിക്കുന്നതും പലതും മാധ്യമവിചാരണക്ക് വിധേയമായ അനാശാസ്യങ്ങള്‍ പോലും നടമാടിയ കേന്ദ്രങ്ങളാണ്. ഏകദേശം അഞ്ഞൂറോളം ചെറുതും വലുതുമായ പള്ളികള്‍ നിര്‍മിക്കപ്പെട്ടു. പല പള്ളികളും ആള്‍പാര്‍പ്പില്ലാത്ത കേന്ദ്രങ്ങളിലും സംരക്ഷിക്കാനാളില്ലാത്ത അവസ്ഥയിലും ശിഥിലീകരണം വിളംബരപ്പെടുത്തുന്ന മിനാരങ്ങളായി കാടുപിടിച്ചു കിടക്കുന്നു.
വ്യാജകേശ ചൂഷണം
അതിനിടിയിലാണ് പ്രവാചകന്റെതെന്ന വ്യാജ പ്രസ്താവന നടത്തി മുടി രംഗത്ത് കൊണ്ടുവന്നത് കുറെ നാള്‍ പ്രവാചക കേശത്തിന് ഇത്രനീളമുണ്ടോ എന്ന തര്‍ക്കം പിടിച്ചു. ചിലര്‍ നീളം ന്യായീകരിച്ചു. പുസ്തക രചനപോലം നടത്തി. പിന്നീട് നീണ്ടതാണെന്ന(അമാനുഷികം) വാദവും ഉന്നയിച്ചു. അതിന്റെ ആധികാരികത വിശദീകരിക്കപ്പെടാന്‍ സാധിക്കാതെ പ്രചാരകര്‍ കുഴഞ്ഞു.
കേശം മുക്കിയ വെള്ളം സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ 'ക്യു' രൂപപ്പെട്ടു. പണം നല്‍കാനും ക്യൂ ഉണ്ടായി. ഈ അപകടകരമായ പതനം സമൂഹത്തെ പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ ബോധ്യപ്പെടുത്താന്‍ മുസ്‌ലിംകളുടെ ആധികാരിക സംഘടനയായ സമസ്ത മുന്നോട്ടുവന്നു. അതിനിടെ റൗളാശരീഫില്‍നിന്ന് വാരിയെടുത്തതാണെന്ന് പ്രചരിപ്പിച്ച് മണ്‍പൊടി കലക്കിയ വെള്ളവും വിതരണത്തിന് തയ്യാറായി. നാന്നൂറ് കോടി രൂപ മുതല്‍ മുടക്കി നോളേജ് സിറ്റിയും ഈ കാലങ്ങളില്‍ ചര്‍ച്ചക്കുവന്നു. ഇതിലടങ്ങിയ സാമ്പത്തിക മെക്കാനിസം മനസ്സിലാവുന്നവര്‍ക്കെല്ലാം മനസ്സിലായി.
രാഷ്ട്രീയ വിവാദം
രാഷ്ട്രീയ നേതൃത്വം സമര്‍ത്ഥമായി ഈ വിഭാഗത്തെ ഉപയോഗപ്പെടുത്തി തുടങ്ങി. മഞ്ചേരി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ. ടി.കെ. ഹംസ ഈ വിഭാഗത്തിന്റെ പ്രതിനിധിയാണെന്നവകാശപ്പെട്ടു രംഗത്തുവന്നു. സകലരെയും ഞെട്ടിച്ചു ജയിച്ചു. പിന്നീട് പൊന്നാനിയില്‍ ഈ വിഭാഗത്തിന്റെ സംഘടനാ നേതാവ് ഡോ. ഹുസൈന്‍ രണ്ടത്താണി തന്നെ മത്സരത്തിനിറങ്ങി. പരാജയപ്പെട്ടു.
കുന്ദമംഗലത്ത് ബാലന്‍ വൈദ്യരും പിന്നീട് പി.ടി.എ റഹീമും കുറ്റിപ്പുറത്തും തവനൂരിലും ജലീലും. ഇവര്‍ ഇടതു സ്ഥാനാര്‍ത്ഥികളെല്ലങ്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിതില്‍ മുസ്‌ലിംലീഗ് ജയിച്ച 20ല്‍ പത്തൊന്‍പതും ജയിച്ചത് തങ്ങളെകൊണ്ടാണെന്നും ഒറ്റക്ക് നിന്നാല്‍ ലീഗിന് ഒരു സീറ്റ് മാത്രമേ കിട്ടൂ എന്നും തുറന്നടിച്ചു.
ഇതിനിടെ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചു. കോഴിക്കോട് സിറ്റി പോലീസും അസിസ്റ്റന്റ് കമ്മീഷണറുടെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്ര. സത്യവാങ്. വ്യാജകേശം സംബന്ധിച്ച് പിരിവ് നടന്നിട്ടില്ല, പളളി നിര്‍മിക്കുന്നില്ല, കേശം നല്‍കിയത് യു.എ.ഇ മന്ത്രിയാണ്. ഇതിലിടപെട്ടാല്‍ ക്രമസമാധാനം തകരും. എതിര്‍ക്കുന്ന ഗ്രൂപ്പുകള്‍ ചെറു വിഭാഗമാണ്. ഈ പരാമര്‍ശങ്ങളത്രയും സത്യവിരുദ്ധവും കൈകൂലി മണക്കുന്നവരുമാണന്നറിയാത്തവരുണ്ടാവില്ല.
ന്യായമായ വഴിയിലൂടെ തിരുത്താന്‍ സംസ്ഥാന മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, മുസ്‌ലിംലീഗ് നേതൃത്വം, മന്ത്രിമാര്‍ എന്നിവരോട് സമസ്ത വാക്കാലും വാചകത്താലും കാര്യകാരണസഹിതം ആവശ്യമുന്നയിച്ചിരുന്നു. മതിയായ രേഖകളും നല്‍കി. പക്ഷെ, തുടര്‍ നടപടിയുണ്ടായില്ല.
ഇതിനിടെ കേരളത്തിലെ പല പള്ളി മദ്‌റസകളിലും കുഴപ്പങ്ങള്‍ അനാവശ്യമായി വീണ്ടും കുത്തിപ്പൊക്കി. നീതിരഹിതമായി ആഭ്യന്തര വകുപ്പും യു.ഡി.എഫ് നേതൃത്വവും ഇടപെട്ടുവന്നു. സമസ്ത നേതാക്കള്‍ തെരഞ്ഞെടുപ്പിന്റെ മുമ്പ് ആര്യാടന്‍ മുഹമ്മദുമായി സംസാരിച്ച് ആര്യാടന്‍ വാക്കാല്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു.
ഒരു പ്രദേശത്ത് തര്‍ക്കം ഉണ്ടായാല്‍ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ച് നിലപാട് സ്വീകരിക്കണം എന്നാണ്. സമസ്ത നിര്‍ദേശിച്ചിരുന്നത്. അത് ഇവയാണ്: 1) ഭൂരിപക്ഷം മാനിക്കണം. 2) രേഖകള്‍, ആധാരങ്ങള്‍ എന്നിവ മാനിക്കണം. 3) കോടതി വിധികള്‍ മാനിക്കണം. ഈ മുന്ന് ഘടകവും സമസ്തക്ക് അനുകൂലമാണെങ്കില്‍ പോലീസ് കുഴപ്പാക്കര്‍ക്കൊപ്പംനിന്ന് നീതിനിഷേധിക്കുന്ന പതിവ് നിലപാട് ഉണ്ടാവരുതെന്ന ആവശ്യവും ആര്യാടന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട്ത് പലയിടങ്ങളിലും പരസ്യമായി ലംഘിക്കപ്പെട്ടു. കെ.പി.സി.സി അധ്യക്ഷന്‍ പോലും തല്‍പര കക്ഷികള്‍ക്കുവേണ്ടി പോലീസ് ഉദ്യോഗസ്ഥറെ വിളിച്ചു. അന്തമാനില്‍ എ.പിക്ക് വേണ്ടി കേരളത്തിലെ എം.പി കളക്ടറെ വിളിച്ച് എ.പിയെ സഹായിക്കാനാവശ്യപ്പെട്ടു.
യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ വോട്ട് ചെയ്തവരെ വേദനിപ്പിക്കുന്ന നിലപാടുകള്‍ വീണ്ടും വീണ്ടും തുടര്‍ന്നു. എന്താണിതിന് ന്യായീകരണം പറയാനാവുക. ഈ ഘട്ടത്തിലാണ് അടിച്ചമര്‍ത്തപ്പെട്ട, അവഹേളിതരായ സുന്നികള്‍ അവരുടെ വേദനയും വേവലാതിയും അറിയിക്കാന്‍ കോഴിക്കോട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.
സംഗമത്തിലെ ചില മുദ്രാവാക്യങ്ങളോ, പ്രഭാഷണങ്ങളോ വികാരപരമായിരിക്കാം. ഒഴിവാക്കേണ്ടതായിരുന്നു അത്. കഴിഞ്ഞ രണ്ട ര വര്‍ഷത്തെ പീഡനാനുഭവങ്ങളുടെ വേദനകളായി അത് കാണേണ്ടതായിരുന്നു. പത്രപേജുകളില്‍നിന്ന് ബോധപൂര്‍വം സമസ്തയെ മാറ്റിനിര്‍ത്തി. മഹാനായ കണ്ണിയത്ത് ഉസ്താദിനെ അപമാനിച്ചതിനെതിരില്‍ നല്‍കിയ പ്രസ്താവനപോലും വെളിച്ചം കണ്ടില്ല.
കേരള മുസ്‌ലിംകള്‍ അവരുടെ സംഘബലത്തിലെ ശക്തിയായി നിലനിര്‍ത്തിപോരുന്ന ആത്മീയശക്തി സമസ്തയും ഭൗതികശക്തി മുസ്‌ലിംലീഗും ഒരു പോറല്‍പോലുമേല്‍ക്കാതെ നിലനിര്‍ത്താനാണ് ഏതൊരു സുമനസ്സും ചിന്തിക്കേണ്ടത്. അഥവാ ശ്രമിക്കേണ്ടത്. നീതിരഹിതവും ധാര്‍മിക വിരുദ്ധവുമായ നിലപാടുകളെ എന്തിന്റെ പേരിലായാലും പിന്തുണച്ചുകൂടാ. അഥവാ പിന്തുണച്ചാല്‍ ചരിത്രം മാത്രമല്ല പ്രബുദ്ധസമൂഹവും അത് അംഗീകരിക്കില്ല.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1926ലാണ് രൂപീകൃതമാവുന്നത്. 1948ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗും നിലവില്‍വന്നു. സമസ്തയുടെ പണ്ഡിതന്‍മാര്‍ കഠിനാധ്വാനത്തിലൂടെ പാകപ്പടുത്തിയെടുത്തിയ മുസ്‌ലിം സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പ്രതലത്തില്‍നിന്ന് മുസ്‌ലിം രാഷ്ട്രീയ ശക്തി വളര്‍ന്നുവരാന്‍ സമസ്തയുടെ സമുന്നത നേതാക്കളായ ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍ എന്നിവരുടെ നേതൃത്വവും വ്യക്തി വിശുദ്ധിയും കാരണമായി.
സമസ്തയുടെ പ്രധാന കീഴ്ഘടകമായ എസ്.കെ.ഐ.എം.വി.ബിയുടെ രജിസ്‌ട്രേഷനില്‍ ഇപ്പോള്‍ 9255 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 633 മദ്രസകള്‍ കര്‍ണാടക സംസ്ഥാനത്താണ്. (മൈസൂര്‍,. ബംഗ്ലൂര്‍, ഗുര്‍ഗ്, സൗത്ത് കനറ, ചിക്മഗ്ലൂര്‍, ഉടപ്പി, ഹാസന്‍,നീലഗിരി, കോയമ്പത്തൂര്‍, ഈരോട്, കന്യാകുമാരി ജില്ലകളിലായി 172 മദ്രസകളും പ്രവര്‍ത്തിക്കുന്നു.
മഹാരാഷ്ട്രയില്‍ 18ഉം 46ഉം ലക്ഷദ്വീപുകളില്‍ അന്തമാനില്‍ 18ഉം പ്രവര്‍ത്തിക്കുന്നു. മലബാറില്‍ സമസ്തയുടെ നിയന്ത്രണത്തിലുള്ള മദ്രസകളുടെ 43 ശതമാനം പ്രവര്‍ത്തിക്കുന്നു. ഈ മദ്രസാ പ്രസ്ഥാനം സുന്നി സമൂഹത്തെ സ്‌നേഹിക്കുന്നവരുടെ കരലാളനയിലും കരുത്തിലുമാണ് നിലനില്‍ക്കുന്നതും, നിലനില്‍ക്കേണ്ടതും.
രാഷ്ട്രീയ ലാഭ നഷ്ടക്കണക്കിലോ താല്‍പര്യസംരക്ഷണത്തിലോ അല്ല. ലോകവസാനം വരെ ദീന്‍ നിലനില്‍ക്കണം. എന്നാല്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അത്രയും കാലം നിലനില്‍ക്കണമെന്നില്ല. നയങ്ങള്‍ നിലനില്‍ക്കണമെന്നില്ല. ജനാധിപത്യം പോലും ശാശ്വാതമാവണമെന്നില്ലല്ലോ. ഒരു വിശ്വാസിയുടെ പ്രഥമ പരിഗണന മതത്തിന്റെ പരിരക്ഷയാവണം. സമസ്ത രണ്ട് ചെറിയ ആവശ്യങ്ങളെ ഉന്നയിക്കുന്നുള്ളൂ. ഒന്ന്: ശരീഅത് അനുസരിച്ച് ജീവിക്കാനുള്ള ഭരണഘടന ഉറപ്പു നല്‍കുന്ന പരിരക്ഷ. രണ്ട്: തലമുറകള്‍ക്ക് യഥാര്‍ത്ഥ ദീന്‍ പഠിപ്പിക്കുന്നതിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട സാഹചര്യവും, സൗകര്യവും.
ഈ ആവശ്യങ്ങള്‍ ഒരു നിലയ്ക്കും അന്യായമല്ല. ഇത് വകവെച്ചുതരാന്‍ ഭരണകൂടങ്ങള്‍ക്കും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ട്. അത് ഇടക്കിടെ ഓര്‍മിപ്പിക്കേണ്ടിവരുന്നത് മാത്രമാണ് ദുഖകരം.(സമസ്ത കേരള ഇസ്ലാമത വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍) ആണ് ലേഖകൻ )