ഒരു വര്‍ഷത്തിനകം പുതിയ ക്രമീകരണങ്ങള്‍ നടത്തിയില്ലെങ്കിൽ ലൈസന്‍സ് റദ്ദാക്കും
മലപ്പുറം: പീഡനങ്ങളും മനുഷ്യാവകാശലംഘനങ്ങളും പെരുകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ അനാഥ–അഗതിമന്ദിരങ്ങളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്‌ടുവരുന്നു. 50 വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തിലുള്ള നിയമപരിഷ്‌കരണത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിദഗ്‌ധ സമിതി തയ്യാറാക്കിയ പുതിയ നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം നിയമസഭയില്‍ അവതരിപ്പിക്കും.
അടുത്ത കാലത്തായി അഗതി–അനാഥമന്ദിരങ്ങളില്‍ വ്യാപകമായ ലൈംഗികചൂഷണം നടക്കുന്നതായും മനുഷ്യത്വരഹിതമായ സമീപനം നിലനില്‍ക്കുന്നതായും പരാതിയും കേസുകളുമുണ്‌ടായിരുന്നു. അതിനു തടയിടാനും കാരുണ്യസ്ഥാപനങ്ങള്‍ ആരോഗ്യകരമായി പ്രവര്‍ത്തിക്കാനും ലക്ഷ്യംവച്ചുള്ളതാണ് നിയമനിര്‍മാണം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡാണ് നിയമത്തിന്റെ കരട് തയ്യാറാക്കി വിവിധ വകുപ്പുകളുടെ അഭിപ്രായ രൂപീകരണത്തിനായി അയച്ചിട്ടുള്ളത്.
നിലവിലുള്ള സ്ഥാപനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ നിയമമനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തണം. അല്ലാത്തപക്ഷം അവയുടെ ലൈസന്‍സ് റദ്ദാക്കും. 25 കുട്ടികള്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ക്ക് 1000 ചതുരശ്ര അടി താമസസൌകര്യം ഉണ്‌ടാവണം. 2000 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടം മറ്റ് ആവശ്യങ്ങള്‍ക്കും ഉണ്‌ടായിരിക്കണം. രോഗബാധിതരെ താമസിപ്പിക്കാന്‍ പ്രത്യേക മുറികള്‍ വേണം. അടുക്കളയും ഭക്ഷണഹാളും സ്റ്റോര്‍റൂമും കളിക്കളങ്ങളും ഉണ്‌ടാവണം. ഓരോ കുട്ടിക്കും താമസസ്ഥലത്ത് 40 ചതുരശ്ര അടി സ്ഥലം ഉപയോഗിക്കാനുണ്‌ടാവണം. 10 കുട്ടികള്‍ക്ക് ഒരു കുളിമുറിയും എട്ട് കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു ടോയ്‌ലറ്റും ഉണ്‌ടായിരിക്കണം.
വായുസഞ്ചാരം, കുടിവെള്ള സൌകര്യം, പ്രഥമശുശ്രൂഷാ സൌകര്യം, വൈദ്യുതി സൌകര്യം എന്നിവയെല്ലാം അത്യാവശ്യമാണ്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് നഴ്സറി വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങളൊരുക്കണമെന്നും ഇവരെ പരിപാലിക്കുന്നവര്‍ പ്രത്യേക പരിശീലനം ലഭിച്ചവരാവണമെന്നും നിയമം നിര്‍ദേശിക്കുന്നു.
സാമൂഹികക്ഷേമ വകുപ്പിന്റെയും പോലിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാസത്തിലൊരു തവണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തണം. മാസത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാംപും ആഴ്‌ചയിലൊരിക്കല്‍ ഡോക്ടറുടെ പരിശോധനയും നിര്‍ബന്ധമാണ്. നാട്ടിലെ ഏറ്റവും അടുത്ത സ്വകാര്യ ആശുപത്രിയുമായി ആരോഗ്യ സംരക്ഷണത്തിനു കരാറുണ്‌ടാക്കണം. അന്തേവാസികള്‍ക്ക് ദിവസത്തില്‍ നാലു തവണ പോഷകസമ്പുഷ്ടമായ ഭക്ഷണം നല്‍കുകയും വേണം.
അനാഥ–അഗതിമന്ദിരങ്ങളുടെ ശരിയായ നടത്തിപ്പ് ലക്ഷ്യംവയ്ക്കുന്ന സ്ഥാപനങ്ങളും സംഘടനകളും പുതിയ നിയമനിര്‍മാണത്തെ സ്വാഗതം ചെയ്‌തിട്ടുണ്‌ട്. ഇപ്പോള്‍ ഇത്തരം സ്ഥാപനങ്ങള്‍ 1960ലെ ചാരിറ്റബിള്‍ ഹോംസ് ആക്ട് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ നിയമത്തില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തിയാണ് പുതിയ നിയമം കൊണ്‌ടുവരുന്നത്. അനാഥ–അഗതിമന്ദിരങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ നിയമത്തിനു സാധിക്കുമെന്ന് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. കെ എം അബ്രഹാം അഭിപ്രായപ്പെട്ടു.