'ജിന്നിന്റെ' ജുമുഅ ബാങ്കിനെതിരെയും പരാതി;ഒടുവിൽ 'ജിന്നുകൾ'ക്ക് ഇസ്‌ലാഹി ക്യാമ്പസില്‍ നിയന്ത്രണം

മഞ്ചേരി: ക്യാമ്പസ് പള്ളിയില്‍ ഖത്തീബ് നിയമനവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായ മഞ്ചേരി ഇസ്‌ലാഹി ക്യാമ്പസില്‍ നിസ്‌ക്കാരത്തിനല്ലാതെ മുജാഹിദ് ജിന്ന് വിഭാഗം പ്രവര്‍ത്തകര്‍ പ്രവേശിക്കരുതെന്ന് മഞ്ചേരി സബ് കോടതിയുടെ ഇന്‍ജംഗ്ഷന്‍ ഉത്തരവ്. ജിന്ന് വിഭാഗത്തില്‍പെട്ട ആലിയത്തൊടി അബ്ദുല്‍ ജലീല്‍, ഇ കെ ഷാഹുല്‍ ഹമീദ്, ഏരിക്കുന്നന്‍ അബ്ദുസ്സലാം, എ വി അബ്ദുല്‍ ഹമീദ് എന്നിവര്‍ക്കും അനുയായികള്‍ക്കുമാണ് പള്ളിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ കേസ് തീര്‍പ്പാകുന്നതുവരെ ഇടപെടുന്നതിന് വിലക്കി കൊണ്ട് സബ് ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ വിധിച്ചത്.
സംഘര്‍ഷമുണ്ടായതിനെ തുടർന്ന് കാമ്പസിലെ പോലീസ് പള്ളി പൂട്ടിയിട്ടിരുന്നു. എന്നാൽ പള്ളിയില്‍ പ്രശ്‌നമുണ്ടാക്കുന്നതിനായി കോടതി വിധി ലംഘിച്ചുകൊണ്ട് ജിന്ന് വിഭാഗക്കാരനായ ഷാഹുല്‍ ഹമീദ് ജുമുഅ ബാങ്ക് വിളിച്ചതായും ഔദ്യോഗിക വിഭാഗം ഭാരവാഹികളായ ഒ അഹമ്മദ്കുട്ടി, വല്ലാഞ്ചിറ അബ്ദുല്‍ അസീസ്, പൂഴിക്കുത്ത് അവറു, അബ്ദുറിമാന്‍ എന്ന കുഞ്ഞുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ കൃഷ്ണദാസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളുടെയും ഖത്തീബുമാര്‍ ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ ജുമുഅക്ക് നേതൃത്വം നല്‍കാന്‍ തീരുമാനമായിരുന്നു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഖാദര്‍ മൗലവി, ഈസ്റ്റ് ജില്ലാ സെക്രട്ടറി ഒ അഹമ്മദ് കുട്ടി എന്ന നാണി ഹാജി, ശാഖാ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ അസീസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ജിന്ന് വിഭാഗത്തിലെ അലിയത്തൊടി അബ്ദുല്‍ ജലീലിനെതിരെ വ്യാജരേഖ ചമച്ചതിനും ക്യാമ്പസ് ജീവനക്കാരനെ കൈയേറ്റം ചെയ്തതിനും മഞ്ചേരി സബ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.