മാമ്പുഴ നേര്‍ച്ചയുടെ പേരില്‍ വ്യാജ പിരിവ് നടത്തിയയാളെ പിടികൂടി

കരുവാരകുണ്ട്: മാമ്പുഴ അലിഹസന്‍ മുസ്‌ലിയാരുടെ ആണ്ടുനേര്‍ച്ചയുടെ പേരില്‍ വ്യാജപിരിവ് നടത്തിയയാളെ നാട്ടുകാര്‍ പിടികൂടി. ഏപ്പിക്കാട് ഭാഗത്താണ് മണ്ണാര്‍ക്കാട് സ്വദേശിയായ മധ്യവയസ്‌കന്‍ പിരിവ് നടത്തിയതത്രെ. 
മാമ്പുഴ നേര്‍ച്ചയുടെ പേരില്‍ ആരെയും പിരിവിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നറിയാവുന്ന ഒരാള്‍ നാട്ടുകാരോട് വിവരം പറയുകയും നാട്ടുകാര്‍ പുത്തനഴിപാറയില്‍ വെച്ച് ഇയാളെ പിടികൂടുകയും ചെയ്തു. മാമ്പുഴ സ്വദേശിയാണെന്നും ഉമ്മര്‍ എന്നാണ് പേരെന്നും പറഞ്ഞപ്പോള്‍ നാട്ടുകാര്‍ മാമ്പുഴ മഹല്ല് കമ്മിറ്റി ഭാരവാഹികളെ വിളിച്ചുവരുത്തി. 
തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസിലേല്‍പിച്ചു. അതേസമയം, നേര്‍ച്ചയുടെ പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭാവനകള്‍ നേരിട്ടെത്തിക്കുന്ന രീതി മാത്രമേയുള്ളൂവെന്നും മഹല്ല് സെക്രട്ടറി പി.കെ കുഞ്ഞുഹാജി പറഞ്ഞു.