സി.ബി.ഐക്ക്‌ താക്കിതായി SKSSF പ്രതിഷേധപ്രകടനം



കാസര്‍കോട്‌ : ഖാസി സി.എം അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടും സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വാസ്‌തവ വിരുദ്ധമായ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചും SKSSF ജില്ലാ കമ്മിറ്റി കാസര്‍കോട്‌ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം സി.ബി.ഐയുടെ അന്വേഷണ സംഘത്തിന്‌ താക്കീതായി. പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിനെ സംരക്ഷിക്കാനും അവരുടെ റിപ്പോര്‍ട്ടിനെ ശരിവെക്കാനും വേണ്ടി പുകമറ സൃഷ്‌ടിക്കുന്ന രൂപത്തില്‍ മാത്രമാണ്‌ സി.ബി.ഐ സംഘം അന്വേഷണം നടത്തിയത്‌. ഖാസിയുടെ മരണം കൊലപാതകമാണെന്ന്‌ ആദ്യം പത്രസമ്മേളനം വിളിച്ച്‌ പ്രഖ്യാപിച്ച SKSSF ന്റെ നേതാക്കളോട്‌ ആരോപണത്തിന്റെ പിന്നിലുളള കാരണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ സംശയകരമായ മേഖലകളില്‍ അന്വേഷണം നടത്താനോ തയ്യാറാകാത്ത സി.ബി.ഐ യുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌ അപൂര്‍ണ്ണമാണെന്നും അതിനെ നിയമപരമായി നേരിടാനും അതോടൊപ്പം പ്രക്ഷോഭപരിപാടികള്‍ തുടരാനും SKSSF തത്വത്തില്‍ തീരുമാനിച്ചു. പുലിക്കുന്നില്‍ നിന്ന്‌ ആരംഭിച്ച്‌ പുതിയ ബസ്‌ സ്റ്റാന്റില്‍ സമാപിച്ച പ്രതിഷേധപ്രകടനത്തില്‍ സംബന്ധിച്ച നൂറുക്കണക്കിന്‌ പ്രവര്‍ത്തകരില്‍ സി.ബി.ഐക്കെതിരെയുളള പ്രതിഷേധം പ്രകടമായിരുന്നു. പ്രകടനത്തിന്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിംദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, കെ.എല്‍ ഹമീദ്‌ ഫൈസി, ഹനീഫ്‌ ഹുദവി ദേലംപാടി, ഫാറൂഖ്‌ കൊല്ലംപാടി, ആലിക്കുഞ്ഞി ദാരിമി, സി.പി.മൊയ്‌തു മൗലവി, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ്‌ അസ്‌ഹരി, കെ.എച്ച്‌ അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, സുഹൈര്‍ അസ്‌ഹരി പള്ളംകോട്‌ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.