ചെന്പരിക്ക ഖാസി കൊലപാതകം; SKSSF രാജ്‍ഭവന്‍ മാര്‍ച്ച് ജനുവരി 5ന്

കോഴിക്കോട് : പ്രമുഖ പണ്ഡിതനായിരുന്ന ചെന്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 5 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ച സമയത്ത് തെറ്റിദ്ധാരണ പ്രചരിപ്പിച്ചതു പോലെ സി.ബി.. സംഘവും കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിച്ച സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭവുമായി സംഘടന രംഗത്തു വരുന്നത്. അന്വേഷണം വഴി തിരിച്ചു വിടാനും അന്വേഷണ സംഘം തന്നെ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് കേസന്വേഷണത്തിന്‍റെ ധാര്‍മ്മികത പോലും ലംഘിച്ചു കൊണ്ടാണ് ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനെ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അഭിസംബോധന ചെയ്യും.