ഖാസി കേസ്‌ സമസ്‌ത ആക്ഷന്‍ കമ്മിറ്റി ബഹുമുഖപ്രക്ഷോഭപരിപാരികള്‍ ആരംഭിക്കും

കാസര്‍കോട്‌ : മംഗലാപുരം - ചെമ്പരിക്ക ഖാസിയും സമസ്‌ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ചുളള അന്വേഷണം നടത്തിയ സിബിഐ യുടെ ഇപ്പോഴത്തെ സംഘം സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി തെറ്റായി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുകയാണെന്ന്‌ ഹൈക്കോടതി ജഡ്‌ജി തന്നെ നിരീക്ഷിച്ച സാഹചര്യത്തില്‍ സിബിഐ ഡയറക്‌ടര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ട്‌ സമസ്‌ത ജില്ലാ ആക്ഷന്‍ കമ്മിറ്റി ബഹുമുഖ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട്‌ പോകാന്‍ തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്‌ ഡിസംബര്‍ 22 ന്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 3 മണിക്ക്‌ കാസര്‍കോട്‌ സിറ്റി ടവറില്‍ സമസ്‌ത ആക്ഷന്‍കമ്മിറ്റിയുടേയും പോഷകഘടകങ്ങളുടെ ജില്ലാഭാരവാഹികളുടേയും സംയുക്ത യോഗം ചേരും. ഖാസി സി.എം.അബ്‌ദുല്ല മൗലവിയെ ഇരുളിന്റെ മറവില്‍ വകവരുത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന്‌ ഏതറ്റംവരെ പോകാനും ആക്ഷന്‍ കമ്മിറ്റി തയ്യാറാണെന്ന്‌ യോഗം അഭിപ്രായപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി മെട്രോ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം.എ.ഖാസി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. അബ്ബാസ്‌ ഫൈസി പുത്തിഗ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, എന്‍.പി.അബ്‌ദുറഹ്മാന്‍ മാസ്റ്റര്‍, മുബാറക്‌ ഹസൈനാര്‍ ഹാജി, എന്‍.പി.മുഹമ്മദ്‌ ഫൈസി, ടി.പി.അലി ഫൈസി, എസ്‌.പി.സലാഹുദ്ദീന്‍, കെ.എം.സൈനുദ്ദീന്‍ ഹാജി കൊല്ലംപാടി, ഹാരീസ്‌ ദാരിമി ബെദിര, ബഷീര്‍ ദാരിമി, മൂസഹാജി ബന്തിയോട്‌, മൊയ്‌തീന്‍ ചെര്‍ക്കള, ലത്തീഫ്‌ നീലഗിരി, കെ.എം.ശറഫുദ്ദീന്‍, അഷ്‌റഫ്‌ മിസ്‌ബാഹി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.