സമസ്ത നവോത്ഥാനത്തിന്‍റെ ചാലക ശക്തി : നാസര്‍ ഫൈസി കൂടത്തായി

ഷാര്‍ജ : കേരള മുസ്‍ലിംകളുടെ മത വിദ്യാഭ്യാസ പുരോഗതിയുടെയും സ്വത്വബോധത്തിന്‍റെയും ചാലക ശക്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് SKSSF സംസ്ഥാന വൈസ് പ്രസിഡന്‍റ് നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു. ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച സമസ്ത 85-ാം വര്‍ഷി മഹാ സമ്മേളന പ്രചാരണോദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ മുസ്‍ലിംകള്‍ ഏറെ പിന്നോക്കമാണെങ്കിലും ഇതര സ്റ്റേറ്റുകളെ അപേക്ഷിച്ച് കേരള മുസ്‍ലിംകള്‍ ഉന്നതി നേടാനുള്ള കാരണം കൃത്യമായ മതബോധവും വ്യക്തമായ രാഷ്ട്രീയ നിലപാടുകളുമാണ്. പതിനായിരക്കണക്കിന് മദ്റസകളും കലാലയങ്ങളും ആരാധനാലയങ്ങളും വ്യവസ്ഥാപിതമായി നടത്തുന്നതില്‍ നേതൃത്വപരമായ പങ്കും ആത്മീയതയുടെ കവചത്തില്‍ ധാര്‍മ്മിക രാഷ്ട്രീയത്തിന് പാകപ്പെട്ട നേതൃത്വത്തെ സംഭാവന ചെയ്യുകയായിരുന്നു സമസ്ത.
മതത്തെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചൂണഷം ചെയ്യുന്നവര്‍ കേരള മുസ്‍ലിംകള്‍ കൈവരിച്ച പുരോഗതിയുടെ അടിത്തറയാണ് ഇളക്കാന്‍ ശ്രമിക്കുന്നത്. തിരുശേഷിപ്പുകളെ പുണ്യമായി കരുതുന്ന സമൂഹത്തില്‍ അതിന്‍റെ മറവില്‍ വിശ്വാസത്തിന്‍റെ അന്ധത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വെറുക്കപ്പെടേണ്ടത് തന്നെയാണ്. സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ സമസ്ത നടത്തുന്ന 85-ാം വാര്‍ഷിക സമ്മേളനം മതത്തിന്‍റെ കൃത്യമായ ബോധം സമൂഹത്തില്‍ ഏറെ പ്രചരിപ്പിക്കുന്നതിനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ജന.സെക്രട്ടറി അബ്ദുല്ല ചേലേരി അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെന്പരിക്ക ഖാസി സി.എം. അബ്ദുല്ല മുസ്‍ലിയാരുടെ കൊലപാതകം പ്രത്യേക സി.ബി.. അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന പ്രമേയം ഷാര്‍ജ സ്റ്റേറ്റ് SKSSF പ്രസിഡന്‍റ് അബ്ദുറസാഖ് തുരുത്തി അവതരിപ്പിച്ചു. അഹ്‍മദ് സുലൈമാന്‍ ഹാജി, മൂസ പള്ളിക്കര, ഖലീല്‍ റഹ്‍മാന്‍ കാശിഫി, ത്വാഹ ഹുദവി, ജലീല്‍ ദാരിമി, മുബാറക് ബദ്‍രി, മരക്കാര്‍ മൗലവി, അബ്ദുറസാഖ് വളാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് കീഴ്ക്കര സ്വാഗതവും മൊയ്തു ചെറിയമുണ്ടം നന്ദിയും പറഞ്ഞു.