ചെമ്പരിക്ക ഖാസി വധം: സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്‌ അസ്വീകാര്യം : SYS

കോഴിക്കോട്‌ : 2010 ഫെബ്രുവരി 15ന്‌ കൊല്ലപ്പെട്ട ചെമ്പരിക്ക, മംഗലാപുരം ഖാസി സി.എം അബ്ദുല്ല മുസ്‌ലിയാരുടെ കൊലയാളികളെ കണ്ടെത്തുന്നതിനു പകരം ആരെയോ രക്ഷിക്കാനുള്ള അന്വേഷണമാണ്‌ സി.ബി.ഐ നടത്തിയതെന്ന്‌ സംശയക്കേണ്ടിയിരിക്കുന്നുവെന്ന്‌ സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്‌ര്‍, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ.എ റഹ്‌മാന്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ്‌ ഫൈസി, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അഹ്‌മദ്‌ തേര്‍ളായി എന്നിവര്‍ പുറപ്പെടുവിപ്പിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. ഖാസിയുടെ മൃതദേഹം കിടന്നിരുന്ന രൂപവും ഖാസി കയറിയെന്ന്‌ പറയുന്ന ഉയരത്തിലുള്ള പാറക്കെട്ടും കടലിലെ വേലയിറക്ക-വേലിയേറ്റ സമയവും ഖാസിയുടെ ആരോഗ്യവും അന്വേഷണ സംഘം പരിശോധിക്കുകയോ വ്യക്തമായ ഒരു ഉത്തരം നല്‍കുകയോ ചെയ്യുന്നില്ല. ഖാസി വധിക്കപ്പെട്ട ദിവസം കടപ്പുറത്ത്‌ അസ്വാഭാവികമായി വന്നുപോയ വാഹനത്തെ കുറിച്ച്‌ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. ഖാസി വധിക്കപ്പെട്ട ദിവസം പോലീസ്‌ നീക്കവും ഏറെ ദുരൂഹതകള്‍ക്ക്‌ വഴിവെച്ചതായിരുന്നു. ഖാസി എഴുതിയ `ഖസീദത്തുല്‍ ബുര്‍ദ'യിലെ ഒരു ഭാഗം മാത്രം എടുത്ത്‌ ആത്മഹത്യാ കുറിപ്പാണെന്ന്‌ അന്നത്തെ ഡി.വൈ.എസ്‌.പി ഹബീബുറഹ്‌മാന്‍ പ്രാദേശിക പത്രക്കാര്‍ക്ക്‌ വാര്‍ത്ത നല്‍കുകയും തിരക്കുപിടിച്ച്‌ മൃതദേഹം ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കി എം.കെ.ജി ആസ്‌പത്രിയിലേക്ക്‌ മാറ്റിയതും സംശയങ്ങള്‍ക്കിടവരുത്തിയിട്ടുണ്ട്‌. കാസര്‍ഗോഡ്‌ ജില്ലയിലുടനീളം ചില കുബുദ്ധികള്‍ വ്യാപകമായി ഖാസിയുടെ മരണം ആത്മഹത്യയാണെന്ന്‌ ഉടനടി പ്രചരിപ്പിക്കുകയും മഹാനായ ആ പണ്ഡിതനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും അപമാനിക്കാന്‍ ശ്രമം നടത്തിയിരുന്നു. സിബി.ഐ ഒന്നാംഘട്ട അന്വേഷണച്ചുമതല ഏല്‍പ്പിച്ച ലാറിനെ പിന്‍വലിച്ച്‌ നന്ദകുമാറിനെ അന്വേഷണച്ചുമതല നല്‍കിയതിലും ദുരൂഹതയുണ്ട്‌. ഖാസിയുടെ കൊലയാളികള്‍ ഉന്നതകങ്ങളില്‍ സ്വാധീനങ്ങളുള്ള പണച്ചാക്കുകളാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച്‌ സത്യസന്ധമായ അന്വേഷണം നടത്തി കൊലയാളികളെ കണ്ടെത്തണമെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ്‌ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നത്‌ സന്തോഷകരമാണെന്നും നേതാക്കള്‍ പറഞ്ഞു.