29 മുതല്‍ ഓഫിസുകള്‍ പ്രവര്‍ത്തനം തുടങ്ങും

നിലവിലെ കണക്കനുസരിച്ച് ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന 1,25,000 പേരാണ് എത്തുന്നത്. ഇതിനുപുറമെ സ്വകാര്യ ഏജന്‍സികള്‍ക്ക് കീഴില്‍ 45,491 പേരും എത്തും. ഹജ്ജ് കമ്മിറ്റി മുഖേന വരുന്നവര്‍ക്ക് മക്കയിലും മദീനയിലും താമസ സ്ഥലങ്ങള്‍ ഒരുക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കോണ്‍സല്‍ ബി.എസ്. മുബാറക് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മക്കയില്‍ ഹറമിനോട് ഏറ്റവും അടുത്ത ഗ്രീന്‍ കാറ്റഗറിയില്‍ 52,000 പേര്‍ക്കും ഹറമില്‍നിന്ന് നിശ്ചിത അകലത്തില്‍ വൈറ്റ് കാറ്റഗറിയില്‍ 14,000 പേര്‍ക്കും അസീസിയയില്‍ 59,000 പേര്‍ക്കുമാണ് താമസം ഒരുക്കുക.
അസീസിയയിലും വൈറ്റ് കാറ്റഗറിയിലും താമസ കേന്ദ്രങ്ങള്‍ വാടകക്കെടുക്കുന്ന നടപടി പൂര്‍ത്തിയായി. അതേസമയം, ഗ്രീന്‍ കാറ്റഗറിയില്‍ ഏതാണ്ട് 2,000-3,000 യൂനിറ്റുകള്‍ കൂടി വേണം.
മക്ക ഹറമില്‍ നടപ്പാക്കിവരുന്ന വന്‍ വികസന പദ്ധതിയുടെ ഭാഗമായി ഹറം പരിസരത്തെ നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിരിക്കുകയാണ്. അതിനാല്‍ ഹറമിനോടടുത്ത സ്ഥലങ്ങളില്‍ താമസയോഗ്യമായ കെട്ടിടങ്ങള്‍ക്ക് കടുത്ത ക്ഷാമമുണ്ട്. ഇതുമൂലം വാടക നിരക്ക് ഉയരുകയും ചെയ്തു. എങ്കിലും പാകിസ്താന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഹാജിമാര്‍ക്ക് ലഭിച്ച കെട്ടിടങ്ങളുടെ വാടക കുറവാണെന്ന് ബി.എസ്. മുബാറക് പറഞ്ഞു. മാത്രമല്ല, ഗ്രീന്‍ കാറ്റഗറിയില്‍ കെട്ടിടങ്ങള്‍ വാടകക്കെടുക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇന്ത്യന്‍ മിഷന്‍ നടപടി തുടങ്ങിയത് ഏറെ ഗുണകരമായി. അസീസിയയില്‍ താമസിക്കുന്ന ഹാജിമാരെ ഹറമിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ ബസുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. മദീനയില്‍ താമസത്തിന് വലിയ പ്രശ്നമില്ല. അവിടെ നിരവധി കെട്ടിടങ്ങള്‍ ലഭ്യമാണ്.
ജിദ്ദ വിമാനത്താവളത്തിലും മദീന വിമാനത്താവളത്തിലും ഹാജിമാരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജിദ്ദ വിമാനത്താവളത്തില്‍ ഇന്ത്യന്‍ മിഷന്‍െറ പ്രത്യേക ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഹാജിമാരുടെ വരവ് തുടങ്ങുമ്പോള്‍ ഇവിടെ സഹായത്തിന് പ്രത്യേക സംഘങ്ങളെ നിയമിക്കും. ഓഫിസില്‍ ചുരുങ്ങിയത് 60-70 ജീവനക്കാരുണ്ടാകും. മദീനയിലും ഹാജിമാരെ സഹായിക്കാന്‍ വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ രംഗത്തുണ്ടാകും.
മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ മെയിന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. 12 ബ്രാഞ്ച് ഓഫിസുകളുമുണ്ടാകും. ഈ മാസം 29 മുതല്‍ ബ്രാഞ്ച് ഓഫിസുകള്‍ പ്രവര്‍ത്തനം തുടങ്ങും. മദീനയില്‍ മെയിന്‍ ഓഫിസിന് പുറമെ അഞ്ച് ബ്രാഞ്ച് ഓഫിസുകളുണ്ടാകും. മക്കയില്‍ ഹജ്ജ് മിഷന് കീഴില്‍ 400 മുതല്‍ 600 വരെയും മദീനയില്‍ 200 മുതല്‍ 300 വരെയും ജീവനക്കാര്‍ സേവനത്തിനായി രംഗത്തുണ്ടാകും. സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരുമുണ്ടാകും.
-ബി.എസ്. നിസാമുദ്ദീന്‍ , ജിദ്ദ.