ബംഗാളിലെ ദാറുല്‍ ഹുദാ ഓഫ്‌കാമ്പസ്‌: ശിലാസ്ഥാപനം ഇന്ന്

കൊല്‍ക്കത്ത : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിക്കു കീഴില്‍ വെസ്റ്റ്‌ ബംഗാളില്‍ ആരംഭിക്കാനിരിക്കുന്ന സമഗ്രമായ ഓഫ്‌കാമ്പസിന്റെ ശിലാസ്ഥാപന സമ്മേളനം നാളെ. വൈകിട്ട്‌ മൂന്നു മണിക്ക്‌ നടക്കുന്ന ചടങ്ങില്‍ ദാറുല്‍ ഹുദാ ചാന്‍സലര്‍ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പുതിയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. 

പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരില്‍ അസ്സകീന എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ ദാനമായി നല്‍കിയ 20 ഏക്കറിലാണ്‌ ഓഫ്‌കാമ്പസ്‌ തുടങ്ങുന്നത്‌. വ്യവസ്ഥാപിത രീതിയിലുള്ള പ്രാഥമിക മതപഠന കേന്ദ്രം, മസ്‌ജിദ്‌, മതപഠനത്തോടൊപ്പം ഭൗതിക പഠനവും നല്‍കുന്ന ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍, മതതാരതമ്യ പഠനത്തിനു ഗവേഷണ വിഭാഗം, ഖുര്‍ആന്‍, ഹദീസ്‌, ഫിഖ്‌ഹ്‌, അഖീദ, ദഅ്‌വാ, സോഷ്യല്‍ സയന്‍സ്‌ പഠനങ്ങള്‍ക്ക്‌ പ്രത്യേകം ഫാക്വല്‍റ്റികള്‍, കരിയര്‍ ഗൈഡന്‍സ്‌, മഹല്ല്‌ ശാക്തീകരണം, അധ്യാപക - അനധ്യാപക ട്രെയ്‌നിംഗ്‌ കോഴ്‌സുകള്‍, ഇസ്‌ലാമിക ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിവിധ സെന്ററുകള്‍ തുടങ്ങിയ സംരംഭങ്ങളാണ്‌ പ്രാഥമിക ഘട്ടത്തില്‍ കാമ്പസില്‍ ലക്ഷ്യമിടുന്നത്‌.

ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരളത്തിനു പുറത്തെ മുസ്‌ലിം പിന്നാക്ക പ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന രണ്ടാമത്തെ കാമ്പസാണ്‌ ബംഗാളിലേത്‌. 2007 ഓഗസ്റ്റില്‍ ആന്ധ്രപ്രദേശിലെ പുങ്കനൂരില്‍ തുടങ്ങിയ മന്‍ഹജുല്‍ ഹുദാ ഇസ്‌ലാമിക്‌ കോളേജ്‌ ആയിരുന്നു കേരളത്തിനു പുറത്തെ പ്രഥമ ദാറുല്‍ ഹുദാ സംരംഭം.

മതഭൗതിക സമന്വയ വിദ്യാഭ്യാസം കാല്‍ നൂറ്റാണ്ടു മുമ്പ്‌ പ്രഖ്യാപിക്കുകയും കേരളത്തില്‍ അതു വിജയകരമായി നടപ്പാക്കുകയും ചെയ്‌ത ദാറുല്‍ ഹുദാ രണ്ടു വര്‍ഷം മുമ്പാണ്‌ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ്‌ ചെയ്യപ്പെട്ടത്‌. ഈജിപ്‌തിലെ കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഇസ്‌ലാമിക സര്‍വകലാശാലകളുടെ കൂട്ടായ്‌മയായ ലീഗ്‌ ഓഫ്‌ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റീസില്‍ സ്ഥാപനം ഇതിനകം അംഗത്വം നേടിക്കഴിഞ്ഞു. ആയിരത്തി നാനൂറോളം വിദ്യാര്‍ഥികളുള്ള മലപ്പുറം ജില്ലയിലെ ചെമ്മാട്‌ മെയിന്‍ കാമ്പസില്‍ കേരളത്തിനു പുറമെ ഇന്ത്യയിലെ പത്തിലധികം സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്‌. ദാറുല്‍ ഹുദായോട്‌ അഫ്‌ലിയേറ്റ്‌ ചെയ്‌ത്‌ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന പതിനഞ്ചിലധികം യു.ജി. കോളേജുകളിലായി നാലായിരത്തോളം വിദ്യാര്‍ഥികള്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസം തികച്ചും സൗജന്യമായി നേടുന്നു. 
നാളെ വൈകിട്ട്‌ മൂന്നുമണിക്ക്‌ ഭീംപൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ ദാറുല്‍ ഹുദാ പ്രോചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിക്കും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, അസ്സകീന എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബ്‌ (തായ്‌വാന്‍), വെസ്റ്റ്‌ ബംഗാള്‍ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ ഷഹിന്‍ശാ ജഹാംഗീര്‍, ദാറുല്‍ ഹുദാ സെക്രട്ടറിമാരായ ഡോ. യു.വി.കെ മുഹമ്മദ്‌, ഹാജി. യു. മുഹമ്മദ്‌ ശാഫി, ട്രഷറര്‍ കെ.എം. സൈതലവി ഹാജി, സ്വാബിര്‍ ഗഫാര്‍ കൊല്‍ക്കത്ത, മൗലാനാ നൂറുല്‍ ഹുദാ നദ്‌വി, മൗലാനാ അബുല്‍ ഖാസിം മുര്‍ശിദാബാദ്‌, മൗലാനാ ഗുലാം സമദാനി, മാസ്‌റ്റര്‍ അബ്‌ദുര്‍റഖീബ്‌ ബീര്‍ഭൂം തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.