മടവൂര്‍ മഖാം ശരീഫ് ഉറൂസ് മുബാറക്കിന് നാളെ കൊടിയുയരും


പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മടവൂര്‍ സി.എം. വലിയുല്ലാഹി മഖാം ശരീഫ് ഉറൂസ് മുബാറക്കിന് സപ്തംബര്‍ മൂന്നിന് കൊടിയുയരുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാലിന് അനുസ്മ രണ സമ്മേളനം പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ മതപ്രഭാഷണവും എട്ടിന് സ്വലാത്ത് മജ്‌ലിസും ഉണ്ടാവും. ഒമ്പതിന് ദിക്‌റ് ദു അ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പത്തിന് രാവിലെ ആറുമണി മുതല്‍ അന്നദാനം തുടങ്ങുമെന്നും ഭാരവാഹികള്‍ക്കൊപ്പം പങ്കെടുത്ത സമസ്ത  ട്രഷറര്‍  ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‌ല്യാര്‍, എ.പി.നാസര്‍ എന്നിവര്‍ പറഞ്ഞു.
മടവൂര്‍ സി.എം.വലിയ്യുല്ലാഹി ഹ്രസ്വ ചരിത്രം
ഹി. 1348 റ.അവ്വല്‍ 12 നാണ് ബഹുമാനപ്പെട്ട ഖുതുബുല്‍ ആലം ശൈഖ് മുഹമ്മദ്‌ അബൂബക്കര്‍ വലിയ്യുല്ലാഹില്‍ മടവൂരി (ന.മ.) ഭൂജാതനായത്.മാതാവ് ആയിശുമ്മ എന്നവരാണ്.ഉപ്പാപ്പ കുഞ്ഞി മാഹിന്‍ മുസ്‌ലിയാര്‍ അറിയപ്പെട്ട പണ്ഡിതനും സൂഫിവര്യനും വഫാത്ത് വരെ മടവൂരിലെ ഖാസിയും ആയിരുന്നു.പിതാവ് കുഞ്ഞി മാഹിന്‍ കോയ മുസ്‌ലിയാരും പ്രോജ്ജ്വല വാഗ് മിയും പണ്ഡിതനും മുദരിസും മടവൂരിലെ ഖാസിയുമായിരുന്നു. കുഞ്ഞി മാഹിന്‍ കോയ മുസ്‌ലിയാര്‍ ഹജ്ജിനു പോയ സമയത്ത് ജനിക്കാന്‍ പോകുന്ന സന്താനത്തെ ക്കുറിച്ച് സ്വപ്നദര്‍ശനം ഉണ്ടായി. "സഹ ധര്‍മ്മിണി ഗര്‍ഭം ധരിച്ചിരിക്കുന്നു. ആണ്‍ കുട്ടിയാണ്.പ്രസവിക്കപ്പെട്ടാല്‍ മുഹമ്മദ്‌ അബൂബക്കര്‍ എന്ന് നാമകരണം ചെയ്യുക എന്നായിരുന്നു സ്വപ്നം".
ശൈഖിന്‍റെ അദ്ധ്യായനം ബിസ്മി ചൊല്ലിക്കൊടുത്തു ആരംഭിച്ചത് പിതാവില്‍ നിന്ന് തന്നെയാണ്. അധികം താമസിയാതെ പിതാവ് മരണപ്പെട്ടു. വെളത്തേടത്ത് പറമ്പിലെ പ്രൈമറി സ്കൂള്‍ ആയിരുന്നു ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം.അന്നത്തെ ഓത്ത്‌ പള്ളിയും എഴുത്ത് പള്ളിയും അത് തന്നെ ആയിരുന്നു. പിന്നീട് മടവൂര്‍ യു.പി .സ്കൂളിലും പഠിച്ചു. മടവൂര്‍ ജുമുഅത്ത്‌ പള്ളിയില്‍ നിന്നാണ് ദര്‍സ്‌ പഠനം ആരംഭിക്കുന്നത്. 
പിതാവ് കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാര്‍ക്ക് പുറമേ ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, മോങ്ങം അവറാന്‍ മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്‌ലിയാര്‍എന്നിവര്‍ പ്രധാന ഉസ്താദുമാര്‍  ആയിരുന്നു. കൊയിലാണ്ടി കുഞ്ഞി മുഹമ്മദ്‌ മുസ്‌ലിയാരുടെ അടുത്ത് നിന്നാണ് ഉപരി പഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോയത്‌ . 1957-1959 ലാണ് വെല്ലൂരില്‍ പഠിച്ചത്.
ബാഖിയാത്തില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കി 1960 ല്‍ മടവൂര്‍ ജുമുഅത്ത്‌ പള്ളിയില്‍ മുദരിസും ഖാസിയുമായി അധ്യാപനം ആരംഭിച്ചു. 1962 ലാണ് ഹജ്ജ്‌ യാത്ര പോയത്‌. ഹിജ്രാബ്ദം 1382 ശവ്വാല്‍ 14 നു മാതുലനായ അബൂബക്കര്‍ ഹാജിയുടെ പുത്രിയായ സൈനബയെ വിവാഹം കഴിച്ചു.
ശൈഖുനായുടെ സ്വഭാവം അവര്‍ണനീയവും മഹത്തരവു മായിരുന്നു.വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ ഒരു വിദ്യാര്‍ത്ഥിക്കു ണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ആ ജീവിതത്തില്‍ പ്രതിഫലിച്ചു.മുദരിസായി ജോലി ഏറ്റെടുത്തപ്പോള്‍ സത്യം,നീതി, .സഹിഷ്ണുത,സഹനം ധൈര്യം, സ്ഥൈര്യം തുടങ്ങിയ സദ്‌ ഗുണങ്ങള്‍ ശൈഖുനായില്‍ ദര്‍ശിക്കാമായിരുന്നു.മുതഅല്ലിമീങ്ങളോട് അതിരറ്റ സ്നേഹം വച്ച് പുലര്‍ത്തി.കയ്യിലുള്ളത് മുഴുവന്‍ ആവശ്യക്കാര്‍ക്ക്‌ കൊടുക്കുന്ന പതിവുണ്ടായിരുന്ന മഹാന്‍ അംഗവൈകല്യമുള്ളവരോടും അഹ് ലുബൈത്തിനോടും പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചു.
അക്കാലത്തെ അറിയപ്പെട്ട മഹത്തുക്കളുമായും സാദാതീങ്ങളുമായും അടുത്ത ബന്ധം വച്ചു പുലര്‍ത്തിയ ശൈഖുനായുടെ ജീവിതം മുഴുവന്‍ അത്ഭുതങ്ങളുടെ കലവറയായിരുന്നു. ദര്‍സില്‍ ഓതി പഠിക്കുന്ന കാലം തൊട്ട് നിരവധി കറാമത്തുകള്‍ക്ക് ഉടമയാണ്. അശരണര്‍ക്കും രോഗികള്‍ക്കും താങ്ങും തണലുമായി വര്‍ത്തിച്ച മഹാനവര്‍കളുടെ ധന്യ ജീവിതത്തിലെ അത്ഭുത സംഭവങ്ങള്‍ അനവധിയാണ്.
1411 ശവ്വാല്‍ 4 ന് 1991 ഏപ്രില്‍ 1 വെള്ളിയാഴ്ച മഹാനവര്‍കള്‍ ഈ ലോകത്ത്‌ നിന്നും യാത്രയായി. മടവൂര്‍ ജുമുഅത്ത്‌ പള്ളിക്ക് സമീപം പിതാവിന്റെ ഖബറിടത്തിനടുത്തായി ശൈഖുനാ അന്ത്യ വിശ്രമം കൊള്ളുന്നു. ജീവിത കാലത്തെന്നപോലെ ഇന്നും നിരവധി ആളുകള്‍ ആ തിരു സന്നിധിയിലെത്തി കൊണ്ടിരിക്കുന്നു.
കോഴിക്കോട് നിന്ന് ഏകദേശം 22 കി.മീ.അകലെയാണ് മടവൂര്‍ എന്ന കൊച്ചു ഗ്രാമം. കോഴിക്കോട് വയനാട് റോഡില്‍ പടനിലത്ത് നിന്നും നരിക്കുനി റോഡില്‍ 3.5 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മടവൂരിലെത്താം. ഇവിടെയുള്ള മഖാം പരിസരത്താണ് മൂന്ന് മുതല്‍  പത്തു വരെ ഉറൂസ് ആരംഭിക്കുന്നത്. (ചരിത്രംകടപ്പാട്.)