തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പി.ജി. വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ മഹല്ലു തല സര്‍വ്വേ തുടങ്ങി. കംപള്‍സറി കമ്മ്യൂണിറ്റി സര്‍വീസ് പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ മഹല്ലുകളിലേക്ക് തിരിച്ചത്. ജില്ലയിലെ 72 പഞ്ചായത്തുകളിലായി 934 മഹല്ലുകളിലാണ് 313 വിദ്യാര്‍ഥികള്‍ സര്‍വ്വേ നടത്തുന്നത്. മഹല്ലുകളിലെ വിദ്യാഭ്യാസം, മത ഭൗതിക സ്ഥാപനങ്ങള്‍, ഉന്നത പഠനം, മത മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍വ്വേ. ഇതോടെ മലപ്പുറം ജില്ലയിലെ മുഴുവന്‍ മഹല്ലുകളുടെയും ഒരു ഏകദേശചിത്രം ദാറുല്‍ ഹുദായിലെ സുന്നീ മഹല്ല് ഫെഡറേഷന്‍ കാര്യാലയത്തില്‍ സമാഹരിക്കപ്പെടും.
കഴിഞ്ഞ വര്‍ഷം 35 പഞ്ചായത്തുകളിലെ 501 മഹല്ലുകളുടെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ചിരുന്നു. വിവരസമാഹരണത്തിന്റെ റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രതിനിധികള്‍ ദാറുല്‍ ഹുദാ-എസ്.എം.എഫ്. ഭാരവാഹികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചതിന് ശേഷം ഭാവി പരിപാടികള്‍ ആവിഷ്‌കരിക്കും.
സര്‍വ്വേക്കിറങ്ങിത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം കാസര്‍കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. കേരളത്തിന് പുറത്ത് കര്‍ണാടക, മഹാരാഷ്‌ട്ര, ബീഹാര്‍, ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സംഘത്തിലുണ്ട്. ഇത് സംബന്ധിച്ച് ദാറുല്‍ ഹുദായില്‍ ചേര്‍ന്ന യോഗത്തില്‍ ഡിഗ്രി വിഭാഗം പ്രിന്‍സിപ്പല്‍ പി.ഇസ്‌ഹാഖ് ബാഖവി, സുബൈര്‍ ഹുദവി ചേകനൂര്‍, അബദുല്‍ അസീസ് മുസ്‌ലിയാര്‍, എ.കെ. ആലിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.